കോട്ടയം: സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഡി.സി ബുക്സ് സീനിയർ ഡെപ്യൂട്ടി എഡിറ്ററായിരുന്ന എ.വി. ശ്രീകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈകോടതിയുടെ മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ആത്മകഥ ചോർച്ചയുമായി ബന്ധപ്പെട്ട് ശ്രീകുമാറിൽ നിന്ന് പ്രാഥമികമായി വിവരങ്ങൾ ചോദിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ആവശ്യമെങ്കിൽ ശ്രീകുമാർ അടക്കമുള്ളവരെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
ഇ.പി. ജയരാജന്റെ ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്നത് ഡി.സി ബുക്സിൽ നിന്നുതന്നെയാണെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്. പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറിന്റെ ഇ-മെയിൽ വഴിയാണ് വിവരങ്ങൾ ചോർന്നതെന്നും എസ്.പി എ. ഷാഹുൽ ഹമീദ് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തുവന്നത് സംബന്ധിച്ചായിരുന്നു കേസ്. ഇതിൽ ഗൂഢാലോചന ആരോപിച്ച് ഇ.പി. ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം കോട്ടയം എസ്.പി.യെ ഏൽപിക്കുകയായിരുന്നു.
ജനുവരി ആറിനാണ് ഇ.പി. ജയരാജന്റെ ആത്മകഥ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എ.വി. ശ്രീകുമാറിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ വിശ്വാസ വഞ്ചനയടക്കം കുറ്റങ്ങൾ ചുമത്തി കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഉപാധികളോടെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്.
രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് പേരുടെയും ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് ഉത്തരവ്. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, കേസുമായി ബന്ധപ്പെട്ടവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ.
നിയമവിരുദ്ധ പ്രവർത്തനം ഉണ്ടായിട്ടില്ലെന്നും തൊഴിലിന്റെ ഭാഗമായ പ്രവർത്തനം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ‘ദേശാഭിമാനി’ കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥ് ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങൾ എഡിറ്റോറിയൽ ചുമതലയുടെ ഭാഗമായി പരിശോധിച്ച് അനുമതി നൽകുകയാണ് താൻ ചെയ്തതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയത്.
പ്രഥമദൃഷ്ട്യാ വിശ്വാസ വഞ്ചനയടക്കം കുറ്റങ്ങൾ സംഭവത്തിൽ പ്രകടമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ അനുമതിയില്ലാതെ പുസ്തകത്തിന് ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന തലക്കെട്ട് നൽകിയതും പുസ്തകം പ്രസിദ്ധീകരിക്കുന്ന തീയതി പ്രസിദ്ധീകരിച്ചതും അദ്ഭുതപ്പെടുത്തുന്നു. ഇത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു.
എന്നാൽ, ഇതിൽ പങ്കില്ലെന്ന് ഹരജിക്കാരനും ഹരജിക്കാരനും മറ്റുള്ളവർക്കും പങ്കുണ്ടെന്ന് സർക്കാറും പറയുന്നു. ഇക്കാര്യം അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.