എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകും; മകളുടെ ഹരജി തള്ളി സുപ്രീംകോടതി

news image
Jan 15, 2025, 10:43 am GMT+0000 payyolionline.in

ന്യൂഡൽഹി: അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകള്‍ ആശ ലോറൻസ് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹൈകോടതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനല്കണമെന്ന തീരുമാനം ശരിവച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നത് മരിച്ചയാളുടെയും കുടുംബത്തിന്റെയും പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതല്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.

എം.എം. ലോറന്‍സിന്റെ മൃതദേഹം മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ആശ ലോറന്‍സ് നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നത്. ഹൈകോടതി സിംഗിള്‍ ബെഞ്ചില്‍ ഹരജി നല്‍കിയെങ്കിലും മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കണമെന്നായിരുന്നു ഹൈകോടതിയുടെ ഉത്തരവ്. പിന്നീട് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടത്. ഇതിനെതിരെയാണ് ആശ ലോറന്‍സ് സുപ്രീംകോടതിയെ സമീപിച്ചത്.

പിതാവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കണമെന്നത് രാഷ്ട്രീയ തീരുമാനമായിരുന്നു. പല മതപരമായ ചടങ്ങുകളിലും പങ്കെടുത്ത ആളാണ് അദ്ദേഹം. അനാട്ടമി ആക്ടില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കാതെയാണ് മെഡിക്കല്‍ ബോര്‍ഡ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും അതുകൊണ്ട് മൃതദേഹം വിട്ടു നല്‍കണമെന്നുമാണ് ആശ ലോറന്‍സ് കോടതിയെ അറിയിച്ചത്. സി.പി.എമ്മിനെ എതിര്‍ കക്ഷിയാക്കിയാണ് ഹരജി നല്‍കിയത്.

സെപ്റ്റംബര്‍ 21നാണ് എം.എം. ലോറന്‍സ് അന്തരിച്ചത്. സി.പി.എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും, മുന്‍ എം.പിയും, സി.ഐ.ടി.യു അഖിലേന്ത്യാ നേതാവുമായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമം നേരിടേണ്ടി വന്ന നേതാക്കളില്‍ ഒരാളാണ് എം.എം. ലോറന്‍സ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe