മലപ്പുറം: നിലമ്പൂരിലെ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കോൺഗ്രസ് ദേശീയ നേതൃത്വമാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. വി.എസ് ജോയിയും ആര്യാടൻ ഷൗക്കത്തും മണ്ഡലത്തിലെ വോട്ടർമാരാണ്. സ്ഥാനാർഥി ആരാവണമെന്നതിൽ അന്തിമ തീരുമാനം കോൺഗ്രസ് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പി.വി അൻവറുമായി സഹകരണം വേണമെന്നോയെന്നതിൽ ചർച്ചയുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ പാർട്ടിയും മുന്നണിയുമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തിൽ ഇനിയാണ് ചർച്ചകൾ നടക്കേണ്ടതെന്നും കെ.മുരളീധരൻ പറഞ്ഞു. പി.വി അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളു. അതിൽ തനിക്ക് പരിഭവമൊന്നും ഇല്ലെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ യു.ഡി.എഫ് സ്ഥാനാർഥിയേയും തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം മുതൽ യു.ഡി.എഫ് സ്ഥാനാർഥി നിലമ്പൂരിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിനെതിരെ സി.പി.എമ്മിൽ നിന്ന് തന്നെ എതിർപ്പ് ഉയരുന്നുണ്ടെന്നും കെ.മുരളീധരൻ ചൂണ്ടിക്കാട്ടി.
നിലമ്പൂരിൽ മലയോര ജനതയുടെ പ്രശ്നങ്ങൾ അറിയുന്ന വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പി.വി അൻവർ. വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പി.വി അൻവർ ഉന്നയിച്ചത്.
മലയോര ജനത അനുഭവിക്കുന്ന വന്യജീവി പ്രശ്നം ഉൾപ്പടെയുള്ളവയെ കുറിച്ച് കൃത്യമായി അറിയുന്നയാളാണ് വി.എസ് ജോയ്. വി.എസ് ജോയി താനുമായി വന്യജീവി പ്രശ്നം നിരന്തരമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പോടെ രാജിവെച്ച് പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊൽക്കത്തയിൽ മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദീദി എന്ന് എല്ലാവരും സ്നേഹപൂർവം വിളിക്കുന്ന മമത രാജിവെക്കാൻ പറഞ്ഞതെന്നും അൻവർ വ്യക്തമാക്കിയിരുന്നു.