‘കുറ്റവാളികളെപ്പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു, മനോവിഷമത്തിൽ നാടുവിട്ടു’;മാമിയുടെ ഡ്രൈവറേയും ഭാര്യയേയും വിട്ടു

news image
Jan 11, 2025, 3:56 am GMT+0000 payyolionline.in

കോഴിക്കോട്: ക്രൈംബ്രാഞ്ചിൻ്റെ തുടർച്ചയായ ചോദ്യം ചെയ്യൽ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ സുഷാരയും പൊലീസിനു മൊഴി നൽകി. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയത്. മാമിയുടെ തിരോധാനത്തിൽ പങ്കില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. ഗുരുവായൂരിൽ നിന്നും കോഴിക്കോടേക്ക് എത്തിച്ച ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചു. വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചേക്കും.

വ്യാഴാഴ്ചയാണ് ഇരുവരെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഗുരുവായൂരിൽ നിന്നും കണ്ടെത്തുകയായിരുന്നു. കോഴിക്കോട് കെഎസ് ആർടിസി സ്റ്റാന്റിൽ നിന്നും ഇരുവരും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഓട്ടോയിൽ കയറി നേരെ പോയത് റയിൽവെ സ്റ്റേഷനിലേക്കായിരുന്നു. അവിടെനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്നു.

20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്തായിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും നിലവില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. തുഷാരയുടെ ഫോൺ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറൻസിക് പരിശോധനക്ക് അയച്ചു. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിന് പിറകെയാണ് ഇരുവരെയും കാണാതായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe