ബംഗളൂരു: മകര സംക്രാന്തിയോടനുബന്ധിച്ച് യാത്രാതിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ സ്പെഷൽ ട്രെയിൻ അനുവദിച്ചു. യശ്വന്ത്പൂരിൽനിന്ന് എറണാകുളത്തേക്കും തിരിച്ചും ഓരോ സർവിസാണ് അനുവദിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.45ന് യശ്വന്ത്പൂരിൽനിന്ന് പുറപ്പെടുന്ന യശ്വന്ത്പൂർ-എറണാകുളം സ്പെഷൽ എക്സ്പ്രസ് (06571) ശനിയാഴ്ച രാവിലെ ഏഴിന് എറണാകുളത്തെത്തും.
ശനിയാഴ്ച രാവിലെ 9.35ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം-യശ്വന്ത്പൂർ സ്പെഷൽ എക്സ്പ്രസ് (06572) അന്നേദിവസം രാത്രി 10ന് യശ്വന്ത്പൂരിലെത്തിച്ചേരും. ഇരുദിശകളിലും എസ്.എം.വി.ടി ബംഗളൂരു, കെ.ആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഒരു ഫസ്റ്റ് എ.സി കം ടു ടയർ എ.സി കോച്ച്, രണ്ട് ത്രീ ടയർ എ.സി കോച്ച്, 10 സ്ലീപ്പർ കോച്ച്, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവ അടങ്ങുന്നതാണ് യശ്വന്ത്പൂർ-എറണാകുളം-യശ്വന്ത്പൂർ സ്പെഷൽ എക്സ്പ്രസ്.
എസ്.എം.വി.ടി ബംഗളൂരു-കാർവാർ സ്പെഷൽ
ബംഗളൂരു: സംക്രാന്തി യാത്രാ തിരക്ക് കണക്കിലെടുത്ത് ബംഗളൂരു എസ്.എം.വി.ടിയിൽനിന്ന് കാർവാറിലേക്കും തിരിച്ചും സ്പെഷൽ ട്രെയിൻ അനുവദിച്ചു. ഇരു ദിശയിലും ഓരോ സർവിസാണ് നടത്തുക.
എസ്.എം.വി.ടി ബംഗളൂരു- കാർവാർ സ്പെഷൽ എക്സ്പ്രസ് (06597) വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 6.10ന് കാർവാറിലെത്തും. കാർവാറിൽനിന്ന് ശനിയാഴ്ച ഉച്ചക്ക് 12ന് തിരിച്ചു പുറപ്പെടുന്ന കാർവാർ- എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ എക്സ്പ്രസ് (06598) ഞായറാഴ്ച പുലർച്ച നാലിന് ബംഗളൂരുവിലെത്തും.
കുനിഗൽ, ചന്നരായപട്ടണ, ഹാസൻ, സകലേഷ് പൂർ, സുബ്രഹ്മണ്യ റോഡ്, കഡബ പുത്തൂർ, ബന്ത്വാൾ, സൂറത്ത്കൽ, മുൽകി, ഉഡുപ്പി, ബർകൂർ, കുന്താപൂർ, ബൈന്തൂർ, ഭട്കൽ, മുരുഡേശ്വർ, ഹൊന്നാവർ, കുംത, ഗോകർണ റോഡ്, അങ്കോള എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 13 എ.സി ത്രീ ടയർ കോച്ചും ഏഴു സ്ലീപ്പർ കോച്ചും അടങ്ങുന്നതാണ് എസ്.എം.വി.ടി ബംഗളൂരു-കാർവാർ-എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ ട്രെയിൻ.
ശബരിമല സ്പെഷലിന്റെ രണ്ടു സർവിസ് റദ്ദാക്കി
ബംഗളൂരു: ശബരിമല തീർഥാടകരുടെ യാത്രാ തിരക്ക് കണക്കിലെടുത്ത് അനുവദിച്ച കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിനിന്റെ (06083/06084) രണ്ടു സർവിസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
കൊച്ചുവേളിയിൽനിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ ട്രെയിനിന്റെ (06083) ജനുവരി 21, 28 തീയതികളിലെ സർവിസും ബംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട എസ്.എം.വി.ടി ബംഗളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിനിന്റെ (06084) ജനുവരി 22, 29 തീയതികളിലെ സർവിസുമാണ് റദ്ദാക്കിയത്.