തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള രണ്ടരവയസ്സുകാരിയെ മൃഗീയമായി ഉപദ്രവിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് ആയമാരുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു നിരസിച്ചു. ഡിസംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ ജനനേന്ദ്രിയത്തിലുൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുകൾ ശ്രദ്ധയിൽപെട്ടതിനെതുടർന്നുള്ള അന്വേഷണത്തിലാണ് ആയമാരായ അജിത എസ്.കെ, മഹേശ്വരി.എൽ, സിന്ധു എന്നിവരെ ഡിസംബർ12ന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുവയസ്സുള്ള അനുജത്തിയുടെ ശുശ്രൂഷ കൂടി കുട്ടിയാണ് ചെയ്തുവന്നിരുന്നത്. പിതാവിന്റെ മരണം നേരിൽ കണ്ടതിന്റെ ആഘാതത്തിൽ നിന്ന് വിമുക്തയാവാത്ത രണ്ടരവയസ്സുകാരി കിടക്കയിൽ രാത്രി മൂത്രമൊഴിച്ചുപോയതാണ് പ്രതികളെ പ്രകോപിച്ചത്.
രണ്ടര വയസ്സുള്ള പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിനുള്ളിൽ വരെ മുറിവേൽപ്പിക്കുന്ന സംഭവം അതിഗൗരവമുള്ളതാണെന്നും പ്രതികൾ സ്ത്രീകളും ശിശുക്ഷേമ സമിതിയിലെ തന്നെ ആയമാരും കൂടാതെ കുട്ടിയുടെ സംരക്ഷണ ചുമതല ഉള്ളവർ ആയതിനാലും ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. ഡിസംബർ മൂന്ന് മുതൽ പ്രതികൾ റിമാൻഡിലാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.