സന്ധ്യ തിയറ്ററിലെ സംഘർഷം; അല്ലു അർജുന്റെ ബൗൺസർ അറസ്റ്റിൽ, ആരാധകരെ മർദിക്കുന്ന ദൃശ്യം പുറത്ത്

news image
Dec 25, 2024, 4:16 am GMT+0000 payyolionline.in

ഹൈദരാബാദ്: സന്ധ്യ തിയറ്ററിലെ സംഘർഷവുമായി ബന്ധപ്പെട്ട് അല്ലു അർജുന്റെ ബൗൺസർ അറസ്റ്റിൽ. ആന്റണിയാണ് അറസ്റ്റിലായത്. പുഷ്പ 2ന്റെ പ്രദർശനത്തിനിടെ ബൗൺസർമാരെ സംഘടിപ്പിച്ചത് ആന്റണിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ​

ഒരു സ്ത്രീ കൊല്ലപ്പെടുകയും അവളുടെ പ്രായപൂർത്തിയാകാത്ത മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത തിക്കിലും തിരക്കിലും കലാശിച്ച സംഘർഷത്തിൽ ആന്റണിക്ക് പ്രധാന പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

തിയറ്ററിലെ സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രീമിയര്‍ ഷോക്കിടെ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നടന്‍ അല്ലു അര്‍ജുന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ചൊവാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ഡിസംബര്‍ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (36) തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിലാണ് നടനെതിരെ കേസെടുത്തത്. ഡിസംബര്‍ നാലിനു ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലായിരുന്നു സംഭവം. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമാണ് രേവതി, പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe