ദില്ലി : ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതിൽ രാജസ്ഥാനിലെ ജയ്സാൽമെറിൽ ചേർന്ന ജിസ്ടി കൗൺസിൽ യോഗത്തിൽ സമവായമില്ല. ജനുവരിയിൽ നടക്കുന്ന യോഗത്തിൽ ഇക്കാര്യം വീണ്ടും പരിഗണിക്കാനാണ് തീരുമാനം. ഉപയോഗിച്ച കാറുകൾ യൂസ്ഡ് കാർ കമ്പനികളിൽ നിന്നും വാങ്ങിയാൽ ജിഎസ്ടി നിരക്ക് കൂടും. കമ്പനികൾക്ക് കിട്ടുന്ന ലാഭത്തിൻറെ 18 ശതമാനം ജിഎസ്ടി ഈടാക്കാനാണ് തീരുമാനം. കാരമൽ പോപ്കോണിന്റെ ജിഎസ്ടി 12 ശതമാനമായി ഉയർത്തി. പഞ്ചസാര ചേർത്ത ഉൽപന്നങ്ങൾക്ക് നിലവിൽ ഉയർന്ന നിരക്കുണ്ടെന്നാണ് ധനമന്ത്രി ഇതിന് നൽകിയ വിശദീകരണം.
ജീൻ തെറാപ്പിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. സർക്കാർ പദ്ധതികൾക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ജിഎസ്ടി ഈടാക്കില്ല. കശുവണ്ടി കർഷകർ നേരിട്ട് ചെറുകിട വിൽപ്പന നടത്തിയാൽ ജിഎസ്ടി ഉണ്ടാകില്ല. വായ്പ തിരിച്ചടവ് വൈകിയതിന് ബാങ്കുകൾ ഈടാക്കുന്ന പിഴയ്ക്ക് ജിഎസ്ടി ചുമത്തില്ലെന്നും ധനമന്ത്രി അറിയിച്ചു. ഓൺലൈൻ സേവനം നല്കുമ്പോൾ ഏതു സംസ്ഥാനത്തിനാണ് സേവനം എന്നത് ബില്ലിൽ രേഖപ്പെടുത്തണം എന്ന കേരളത്തിൻറെ ആവശ്യം കൗൺസിൽ അംഗീകരിച്ചു. കേരളത്തെ പോലെ പ്രളയ സെസ് ഏർപ്പെടുത്താൻ അനുവാദം നൽകണം എന്ന ആന്ധ്ര പ്രദേശിൻറെ ആവശ്യം മന്ത്രിമാരുടെ സമിതി പരിശോധിക്കും. വ്യോമയാന ഇന്ധനത്തെ ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തിലും യോഗത്തിൽ സമവായം ഇല്ല.