തിക്കോടി: പള്ളിക്കരയിലെ നന്മ-മഹല്ല് കൂട്ടായ്മയ്ക്ക് ലൈഫ്മിഷൻ പദ്ധതിയുടെ സഹായവും, നാട്ടിലെ സുമനസ്സുകളുടെ സഹായ സഹകരണവും ലഭിച്ചതോടെ പള്ളിക്കര തൊടുവയൽത്താഴ ലക്ഷ്മിക്കും കുടുംബത്തിനും സ്വന്തമായി അടച്ചുറപ്പുള്ളവീടായി.
സിറ്റൗട്ടും, ചെറിയഹാളും , രണ്ട് ബെഡ് റൂമും, അടുക്കളയും, വർക്കേരിയയും അടങ്ങിയ വീടിൻ്റെ താക്കോൽ കൈമാറിയപ്പോൾ ലക്ഷ്മിയുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.ലക്ഷ്മിയുടെ ഭർത്താവ് കേളപ്പൻ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. പൊളിഞ്ഞു വീഴാറായ വീട്ടിൽ എങ്ങനെ താമസിക്കും എന്നറിയാതെ പ്രയാസപ്പെട്ടിരിക്കുമ്പോഴാണ് നന്മ-മഹല്ല് കമ്മിറ്റി ഇതിനായി മുന്നിട്ടിറങ്ങിയത്.
നന്മ-മഹല്ല് കമ്മിറ്റി നാട്ടിൽ നിരവധി ചാരിറ്റി പ്രവർത്തനം നടത്തിവരുന്നു. ശനിയാഴ്ച നടത്തിയ ഗൃഹപ്രവേശ കർമ്മത്തിന് ജാതിമതഭേദമന്യേ നിരവധി പേർ പങ്കെടുത്തു. അഞ്ഞൂറോളം പേർക്ക് സദ്യയും ഒരുക്കിയിരുന്നു.
വീടിന്റെ താക്കോൽ നന്മ- മഹല്ല് കൂട്ടായ്മ പ്രസിഡന്റ് ആർ .കെ. റഷീദ് ലക്ഷ്മിക്ക് കൈമാറി. ചടങ്ങിൽ
ഒ.പി രവീന്ദ്രൻ, അജ്മൽ മാടായി, പി.ആർ.കെ.ദിനേശൻ, സത്യൻ കൂടത്തിൽ, ഇ.കെ.ഫിറോസ് , റഹീസ്, സുനീർ, ഫൈസ്സൽ നടുക്കണ്ടി എന്നിവർ പങ്കെടുത്തു.