പത്ത് ലക്ഷം രൂപ, 800 കിലോ ഭാരം, ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ സമര്‍പ്പിച്ച് നടി ശില്പാ ഷെട്ടി

news image
Dec 17, 2024, 8:03 am GMT+0000 payyolionline.in

ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ സമര്‍പ്പിച്ച് ബോളിവുഡ് നടി ശില്പാ ഷെട്ടി. ചിക്കമം​ഗളൂരുവിലെ രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് നടി യന്ത്രയാനയെ സമര്‍പ്പിച്ചത്. വീരഭദ്ര എന്നു പേരിട്ട യന്ത്ര ആനയ്ക്ക് മൂന്നുമീറ്റര്‍ ഉയരവും 800 കിലോ തൂക്കവുമാണുള്ളത്.

റബ്ബര്‍, ഫൈബര്‍, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ച് പത്തുലക്ഷം രൂപ ചിലവഴിച്ചാണ് ആനയെ നിർമിച്ചിരിക്കുന്നത്. ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ശിൽപ ആനയെ സമര്‍പ്പിച്ചത്. ആഘോഷങ്ങള്‍ക്ക് ആനയെ വാടകയ്‌ക്കെടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. സമര്‍പ്പണച്ചടങ്ങില്‍ കർണാടക വനംവകുപ്പു മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ, ഊര്‍ജവകുപ്പു മന്ത്രി കെ. ജെ. ജോര്‍ജ്, മഠാധിപതി രംഭാപുരി ജഗദ്ഗുരു എന്നിവര്‍ പങ്കെടുത്തു.

മൃഗസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെറ്റയും (പീപ്പിള്‍ ഓഫ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്) ബെംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപയുമാണ് (കമ്പാഷനേറ്റ് അണ്‍ലിമിറ്റഡ് പ്ലസ് ആക്ഷന്‍) യന്ത്രയാനയെ സമര്‍പ്പിക്കാന്‍ വഴിയൊരുക്കിയത്. ഇതോടെ ദക്ഷിണേന്ത്യയിലെ പത്ത് ക്ഷേത്രങ്ങളില്‍ യന്ത്ര ആനകളായെന്ന് ‘പെറ്റ’ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe