പയ്യോളി : കീഴൂർ ശിവ ക്ഷേത്രം ഉത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച ആറാട്ടും പൂവെടിയും നടക്കും. രാവിലെ വിശേഷാൽ പൂജകൾ, 9.30-ന് മുചുകുന്ന് പത്മനാഭന്റെ ഒാട്ടൻതുള്ളൽ, 3.30-ന് കലാമണ്ഡലം സനൂപും സംഘത്തിന്റെയും പഞ്ചവാദ്യം, പൊയിൽക്കാവ് പി.വി. പ്രകാശന്റെ നേതൃത്വത്തിൽ നാഗസ്വരം തുടർന്ന് കുടവരവ്, തിരുവായുധം വരവ്, ഉപ്പുംതണ്ടും വരവ്, കാരക്കെട്ട് വരവ് എന്നിവ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.
6: 30ന് കൊങ്ങന്നൂർ ക്ഷേത്രം ഭഗവതിയുടെ എഴുന്നള്ളത്ത് കീഴൂർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെ ആറാട്ടെഴുന്നള്ളത്ത് തുടങ്ങും. ആറാട്ടെഴുന്നള്ളത്ത് ഇലഞ്ഞികുളങ്ങര എത്തിച്ചേർന്നാൽ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ, കാഞ്ഞിലിശ്ശേരി വിനോദ് മാരാർ, കലാമണ്ഡലം ശിവദാസന്മാരാർ എന്നിവരുടെ നേതൃത്വത്തിൽ പ്രസിദ്ധമായ പിലാത്തറമേളം നടക്കും.
മേളത്തിനു മുൻപും ശേഷവും കീഴൂർ ചൊവ്വ വയലിൽ കരി മരുന്ന് പ്രയോഗം നടക്കും. എഴുന്നള്ളത്ത് കീഴൂർ പൂവെടിത്തറയിൽ എത്തിച്ചേർന്നാൽ പാണ്ടിമേളം, പഞ്ചവാദ്യം, നാഗസ്വരം, കേളിക്കൈ, കൊമ്പുപറ്റ്, കുഴൽ പറ്റ് എന്നിവയ്ക്ക് ശേഷം പ്രസിദ്ധമായ പൂവെടി നടക്കും.
എഴുന്നള്ളത്ത് കണ്ണംകുളം എത്തിച്ചേർന്നാൽ പൂർണ്ണവാദ്യമേള സമേതം കുളിച്ചാറാടിക്കൽ ചടങ്ങ് നടക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിയിറങ്ങുന്നതോടെ ആറാട്ട് ഉത്സവം സമാപിക്കും.