കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കണ്ടൽപാർക്കായി പ്രഖ്യാപിച്ചതോടെ ഉപയോഗിക്കാൻ പറ്റാതായ കുറുവങ്ങാടുള്ള ഏക്കർ കണക്കിന് സ്വകാര്യഭൂമി സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള പരാതിയിൽ പരിശോധന നടത്താൻ ജില്ലാ വനം ഓഫീസർക്ക് മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശം.
കൊയിലാണ്ടി താലൂക്ക്തല അദാലത്തിൽ നടേരി കല്ലങ്കോട് നാരായണനാണ് പരാതിയുമായെത്തിയത്. താൻ ഗൾഫിൽപോയി സമ്പാദിച്ച തുകകൊണ്ട് വാങ്ങിയ തെങ്ങിൻതോപ്പിലിപ്പോൾ വളരുന്നത് കണ്ടൽവനമാണ്. കണ്ടൽക്കാടുകൾ നശിപ്പിക്കാൻ കഴിയാത്തതിനെത്തുടർന്ന് തെങ്ങിൻതോപ്പ് ഉപയോഗശൂന്യമായിരിക്കുകയാണ്. കൊയിലാണ്ടി നഗരസഭ പ്രദേശം കണ്ടൽ മ്യൂസിയമായി പ്രഖ്യാപിച്ചതോടെ സ്വകാര്യഭൂമിയിലെ കുറ്റിക്കാടുകൾപോലും നീക്കംചെയ്യാൻ കഴിയുന്നില്ല. ജോലിചെയ്യാനെത്തിയ തൊഴിലാളികളെ കണ്ടൽക്കാട് നശിപ്പിച്ചെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തതോടെ തൊഴിലാളികളെ കിട്ടാതായെന്നും പരാതിയിൽ പറയുന്നു.
ഇപ്പോഴും 80 സെന്റ് ഭൂമിക്ക് നികുതിയടയ്ക്കുന്നുണ്ടെങ്കിലും വന്യജീവികൾ നിറഞ്ഞതിനാൽ തന്റെ ഭൂമിയിലേക്ക് പ്രവേശിക്കാൻപോലും പറ്റാത്ത സ്ഥിതിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതികേട്ട മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ഡി.എഫ്.ഒ.യ്ക്ക് നിർദേശം നൽകി.