പാലക്കാട് പനയമ്പാടം അപകടം: എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

news image
Dec 12, 2024, 4:57 pm GMT+0000 payyolionline.in

പാലക്കാട്: പനയമ്പാടത്തിൽ 4 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ അപകടത്തിൽ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. പ്രജീഷ് അശ്രദ്ധയോടെയും അമിതവേഗത്തിലും വാഹനമോടിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. അമിത വേ​ഗതയിലെത്തിയ ഈ ലോറി സിമൻ്റ് കയറ്റിവന്ന മറ്റൊരു ലോറിയെ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ പെട്ട 4 പെൺകുട്ടികളാണ് മരിച്ചത്. ഒരു പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.

പള്ളിപ്പുറം ഹൗസിലെ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ ഹൗസിലെ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ ഹൗസിലെ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ഐഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ. മരിച്ച വിദ്യാർത്ഥിനികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, കരിമ്പ ഹയ‍ർസെക്കന്ററി സ്കൂളിലെ പൊതുദർശനം ഒഴിവാക്കി. ശേഷം അടുത്തുള്ള ഹാളിലായിരിക്കും പൊതുദർശനം നടക്കുക. ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

അതിനിടെ, പനയമ്പാടം അപകടത്തിന്‍റെ കാരണം വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ് രം​ഗത്തെത്തി. പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് ആര്‍ടിഒ പറഞ്ഞു. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്‍റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു. മറ്റൊരു ലോറി ഇടിച്ചശേഷം ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe