നിലമ്പൂര്‍ പോത്തുകല്ലിൽ വീണ്ടും തുടര്‍ച്ചയായി പ്രകമ്പനം; ആശങ്ക വേണ്ടെന്ന് കളക്ടര്‍

news image
Dec 12, 2024, 2:08 pm GMT+0000 payyolionline.in

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ആനക്കല്‍ ഉപ്പട പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും വീണ്ടും ശബ്ദമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് അറിയിച്ചു. ഡിസംബര്‍ 3, 7, 9 തീയതികളിലാണ് ഈ പ്രദേശത്ത് വീണ്ടും ഭൂമിക്കടിയില്‍ ശബ്ദവും പ്രകമ്പനവും ഉണ്ടായത്. എന്നാല്‍, തൃശ്ശൂര്‍ പീച്ചി സ്റ്റേഷനില്‍ നിന്നും ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഭൂമികുലുക്ക തരംഗങ്ങളൊന്നും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് അറിയിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകമ്പനങ്ങളെയും ശബ്ദങ്ങളെയും കുറിച്ച് പഠിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NCESS) ല്‍ നിന്നും ശാസ്ത്രജ്ഞര്‍ കഴിഞ്ഞ മാസം നടത്തിയിരുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് തികച്ചും പ്രാദേശികമായി ഉണ്ടാകുന്ന സംഭവമാണെന്നും പ്രദേശത്ത് അമിതമായി കാണുന്ന കുഴല്‍ കിണറുകളും അവയുടെ ഉപയോഗവും ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ഭൂമിക്കടിയില്‍ പാറകള്‍ തെന്നിമാറുമ്പോഴും ഇത്തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് വരും മാസങ്ങളില്‍ പീച്ചി, കണ്ണൂര്‍ സ്റ്റേഷനുകളില്‍ നിന്നും ഭൂമികുലുക്കവുമായി ബന്ധപ്പെട്ട ഡാറ്റകള്‍ ശേഖരിക്കുമെന്ന് വിദഗ്ധ സംഘം അറിയിച്ചിട്ടുണ്ട്.

നേരത്തെയും പ്രദേശത്ത് ഇത്തരം ശബ്ദം കേട്ടത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിരുന്നു. തുടര്‍ന്ന് താമസക്കാരെ ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് മാറ്റി താമസിപ്പിക്കുന്നതിലേക്കടക്കം കാര്യങ്ങളെത്തി.  രണ്ട് വീടിനും മുറ്റത്തും വിള്ളലുണ്ടായിരുന്നു..ക്വാറികളിലും മറ്റും പാറ പൊട്ടിക്കുന്നതു പോലെയുള്ള ശബ്ദമുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. അതിനു ശേഷം ചെറിയ ശബ്ദങ്ങളുമുണ്ടായി. നേരത്തെ ദുരന്തമുണ്ടായ കവളപ്പാറയോട് ചേർന്നുള്ള സ്ഥലമാണിതെന്നും ആശങ്കയേറ്റി. എന്നാൽ പരിശോധനയ്ക്ക് ശേഷം ഇത് സ്വാഭാവിക പ്രതിഭാസമാണെന്നും ആശങ്കപ്പെടേണ്ടെന്നും വിദഗ്ധര്‍ അറിക്കുകയായിരുന്നു. അതേസമയം ശബ്ദം സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe