കാസര്‍കോട്ടെ ജിന്നുമ്മയ്ക്കും ഭർത്താവിനും ഉന്നത ബന്ധങ്ങളെന്ന് ആരോപണം; ആഡംബര വീട്ടിലെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

news image
Dec 12, 2024, 3:54 am GMT+0000 payyolionline.in

കാസര്‍കോട്: പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ പിടിയിലായ ജിന്നുമ്മ എന്ന ഷമീന, ഭര്‍ത്താവ് ഉബൈസ് എന്നിവര്‍ക്ക് ഉന്നത ബന്ധങ്ങളെന്ന് ആരോപണം. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. നേരത്തെ ബേക്കല്‍ പൊലീസ് അന്വേഷണം ഉഴപ്പിയതിന് കാരണം ബാഹ്യ ഇടപെടലുകളാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചിരുന്നു.കൂളിക്കുന്നിലെ ആഡംബര വീട്ടിലാണ് ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീനയുടേയും ഭര്‍‍ത്താവ് ഉബൈസിന്‍റേയും ജീവിതം. പ്രദേശവാസിയായ മുഹമ്മദില്‍ നിന്ന് വീടു വാങ്ങിയ ശേഷം ലക്ഷങ്ങള്‍ മുടക്കി മോടി കൂട്ടുകയായിരുന്നു. സിസിടിവി നിരീക്ഷണ സംവിധാനമുള്ള ഉയരമേറിയ മതിലിനകത്തെ വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് നാട്ടുകാര്‍ക്കും അ‍ജ്ഞാതമാണ്. വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതും പ്രമുഖരടക്കം നിരവധിപ്പേര്‍. കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ ഇവരുടെ വീട് സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

 

 

എന്നാല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ കളനാട് ഒരു പള്ളി ഉദ്ഘാടനത്തിന് എത്തി തിരിച്ച് പോകുമ്പോള്‍ ഇവിടെ ഹ്രസ്വ സന്ദര്‍ശനം നടത്തുകയായിരുന്നെന്നാണ് വിശദീകരണം. പ്രസ്ഥാനവുമായി സഹകരിക്കുന്ന ചിലര്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു സന്ദര്‍ശനമെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ കാണേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാന്തപുരം മാത്രമല്ല മറ്റു പല പ്രമുഖരും ഇവരുടെ വീട് സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള പലരുമായും അടുത്ത ബന്ധം ജിന്നുമ്മയ്ക്കുണ്ടെന്നാണ് പരാതി.

പൂച്ചക്കാട്ടെ ഗഫൂര്‍ ഹാജിയുടെ കൊലപാതകം ആദ്യഘട്ടത്തില്‍ അന്വേഷിച്ച ബേക്കല്‍ പൊലീസ് കേസിൽ ഉഴപ്പുകയായിരുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചിരുന്നു. അന്ന് ജിന്നുമ്മ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് കാരണം ഉന്നത ഇടപെടലാണെന്നായിരുന്നു വെളിപ്പെടുത്തല്‍. പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം പോലും രാഷ്ട്രീയ ഇടപെടലുകളുണ്ടായി എന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ പരാതി. കൊലപാതക  കേസില്‍ പ്രതിയായ മന്ത്രവാദിക്കും സംഘത്തിനും എങ്ങനെ ഇത്രയധികം സ്വാധീനമുണ്ടായെന്നും ആരൊക്കെയാണ് ഇവര്‍ക്ക് വേണ്ടി ഇടപെടലുകള്‍ നടത്തിയതും ഉൾപ്പെടെ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഒരുപാടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe