അഭയാർഥി ചാവേറായി പൊട്ടിത്തെറിച്ചു, താലിബാൻ പ്രമുഖ നേതാവും അഭയാർഥി മന്ത്രിയുമായ ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

news image
Dec 11, 2024, 1:38 pm GMT+0000 payyolionline.in

കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിലെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം 3 പേർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഭരണ അട്ടിമറിയിൽ നിർണായക പങ്കുവഹിച്ച താലിബാന്‍റെ പ്രമുഖ നേതാവ് ഖലീൽ ഹഖാനിയുടെ കൊലപാതകം താലിബാനെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്‌ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

മന്ത്രാലയത്തിനുള്ളിൽ നടന്ന സ്ഫോടനത്തിലാണ് മന്ത്രി കൊല്ലപ്പെട്ടതെന്നത് ഏവരെയും ഞെട്ടിക്കുന്ന സംഭവമായി മാറിയിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഏറ്റവും വലിയ ചാവേർ ആക്രമണം കൂടിയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നത്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. അതേസമയം സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe