മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. തിങ്കളാഴ്ചയോ തൊട്ടടുത്ത ദിവസങ്ങളിലോ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ മറ്റു കൂട്ടുപ്രതികൾക്കും സമൻസയച്ചിട്ടുണ്ട്. കേസിൽ മുംബൈയിലും ഉത്തർപ്രദേശിലുമായി വെള്ളിയാഴ്ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. 2022 മേയിലാണ് നീലച്ചിത്രനിർമണവുമായി ബന്ധപ്പെട്ട് കുന്ദ്രക്കെതിരെ പൊലീസ് കേസെടുത്തത്. കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. ഈ കേസിന് അനുബന്ധമായാണ് ഇ.ഡി കേസ്. നേരത്തേ ബിറ്റ്കോയിൻ തട്ടിപ്പ് കേസിൽ കുന്ദ്രയുടെയും ശിൽപ ഷെട്ടിയുടെയും 98 കോടി രൂപവരുന്ന സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു.