കൽപ്പറ്റ: വയനാട് കമ്പളക്കാട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സുരേഷ് ഗോപിയും ബി. ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ പരാമർശത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. കോൺഗ്രസ് നേതാവ് വി.ആർ.അനൂപാണ് പരാതി നൽകിയിരുന്നത്. തന്‍റെ മൊഴി പോലും എടുക്കാതെയാണ് ഏകപക്ഷീയമായി അന്വേഷണം അവസാനിപ്പിച്ചതെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.
കലാപാഹ്വാനത്തിന് കേസെടുക്കണമെന്നായിരുന്നു പരാതി. ഇനി കോടതിയെ സമീപിക്കാനാണ് തീരുമാനം. മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ പരാതി. വാവര് സ്വാമിയെ അധിക്ഷേപിച്ചെന്നായിരുന്നു ബി. ഗോപാലകൃഷ്ണനെതിരായ പരാതി.
പതിനെട്ട് പടിയുടെ മുകളിൽ അയ്യപ്പൻ ഇരിക്കുന്നു. പടിക്കു താഴെ വേറൊരു ചങ്ങായി ഇരിപ്പുണ്ട്, വാവര്. ഈ വാവര് ഞാനിത് വഖഫിന് കൊടുത്തു എന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്‍റേതാകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും.. -എന്ന് പറഞ്ഞാണ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ വാവര് സ്വാമിയെ അധിക്ഷേപിച്ചത്.