ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി കോടതി; തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

news image
Nov 26, 2024, 1:16 pm GMT+0000 payyolionline.in

ദില്ലി: ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹർജി വീണ്ടും തള്ളി സുപ്രീംകോടതി. തോൽക്കുമ്പോൾ മാത്രം ചിലർ ഇവിഎമ്മുകളെ പഴിചാരുകയാണെന്ന് കോടതി പരിഹസിച്ചു. അതേസമയം ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാൻ ഭാരത് ജോഡോയാത്രക്ക് സമാനമായ മുന്നേറ്റം ആവശ്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാഖാർജ്ജുന ഖർഗെ പറഞ്ഞു.

ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണ്, ഇവിഎമ്മിൽ കൃത്വമത്വം നടക്കുന്നു. അതിനാൽ അമേരിക്ക പോലുള്ള രാജ്യങ്ങളെ പോലെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി തള്ളിയ സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ ജയിച്ചാൽ, ഇവിഎമ്മുകളിൽ കൃത്രിമമില്ല, തോൽക്കുമ്പോൾ തട്ടിപ്പെന്ന് പറയുന്നുവെന്ന് പരിഹസിച്ചു. ചന്ദ്രബാബു നായിഡു, തോറ്റപ്പോൾ ഇവിഎം കൃത്രിമം ആരോപിച്ചു, ഇപ്പോള്‍ ജഗൻ മോഹൻ റെഡ്ഡിയും ഇതുതന്നെ പറയുന്നവെന്ന് കോടതി പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷം പേപ്പർ ബാലറ്റ് ആവശ്യം കോൺഗ്രസ് വീണ്ടും കടുപ്പിക്കുമ്പഴാണ് സുപ്രീംകോടതി ഇത് തള്ളികളഞ്ഞത്. ഭരണഘടനദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് നടത്തിയ പരിപാടിയിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ പ്രക്ഷോഭം ആവശ്യമാണെന്ന് അധ്യക്ഷൻ ഖർഗെ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് വലിയ ജനമുന്നേറ്റം ആവശയമാണെന്നും ഖർഗേ പറഞ്ഞു.

ബാലറ്റ് പേപ്പർ വിഷയം മറ്റു പാർട്ടികളുമായി ചർച്ച ചെയ്യുമെന്നും കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു. ഫലം സംശകരമാണെന്ന വാദത്തിൽ ഉറച്ചു നില്‍ക്കുന്ന മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി നേതാവ് രമേശ് ചെന്നിത്തലയും ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചു. പ്രതിപക്ഷത്തെ ചർച്ചകൾക്ക് സുപ്രീംകോടതി ഹർജി തള്ളിക്കൊണ്ട് നടത്തിയ പരാമർശങ്ങൾ തിരിച്ചടിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe