പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തിൽ ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് റൗണ്ട് എണ്ണക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ് ആദ്യം വോട്ടെണ്ണുന്നത് എന്നത് അംഗീകരിച്ചുകൊണ്ടാണ് പറയുന്നതെന്നും ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ ട്രൻ്റ് പിരായിരിയിലും മാത്തൂരിലും തുടരുമെന്നും സരിൻ പറഞ്ഞു.
36300 വോട്ടുള്ള പിരായിരിയിൽ 26000 വോട്ടാണ് പോൾ ചെയ്തത്. 44000 വോട്ടാണ് കണ്ണാടിയിലും മാത്തൂരിലുമുള്ളത്. ഇവിടെ 34000 വോട്ടാണ് പോൾ ചെയ്തത്. ഇവിടെ എട്ടായിരത്തോളം വോട്ട് ആർക്ക് പോൾ ചെയ്തുവെന്നത് അറിയാനുണ്ട്. നഗരസഭയിൽ ബിജെപി ലീഡ് ചെയ്യും. അത് നാലായിരമോ ആറായിരമോ എണ്ണായിരമോ ആയാലും പാലക്കാട് ബിജെപിയുടെ പുറകിൽ എൽഡിഎഫായിരിക്കും. നഗരസഭയിൽ 1500 വോട്ടിന് യുഡിഎഫിൻ്റെ പുറകിൽ പോയാലും പിരിയാരി എണ്ണിക്കഴിയുമ്പോൾ ഇടതുമുന്നണി ജയിക്കും. 179, 180 മെഷീനുകളിലെ ലീഡിൽ ജയിക്കും. ആദ്യ അഞ്ച് റൗണ്ടിൽ പിടിച്ചുനിൽക്കും, 10 വരെ നിലനിൽക്കും. അവസാനം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് യുഡിഎഫിൻ്റെ വിജയഗാനം പുറത്തുവിട്ടത് എതിർക്യാംപാണ്. ഇവൻ്റ് മാനേജ്മെൻ്റാണ് യുഡിഎഫിൻ്റെ പ്രചാരണം മാനേജ് ചെയ്തത്. താമര വിരിയുമെന്ന് സി കൃഷ്ണകുമാറിന് പ്രതീക്ഷിക്കാം. പക്ഷെ കണ്ണാടിയിലും മാത്തൂരിലും ഇ ശ്രീധരന് കിട്ടിയ വോട്ട് അദ്ദേഹത്തിന് കിട്ടില്ല. ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യോദയം ഉണ്ടാകും.