വാഷിങ്ടൺ: വ്യോമാക്രമണ ഭീഷണിയെ തുടർന്ന് യുക്രെയ്ൻ തലസ്ഥാന കിയവിലെ യു.എസ് എംബസി പൂട്ടി. ബുധനാഴ്ചയാണ് എംബസി അടക്കുന്ന വിവരം യു.എസ് ഔദ്യോഗികമായി അറിയിച്ചത്. എംബസി പൂട്ടിയ വിവരം സ്ഥിരീകരിച്ച യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും നിർദേശിച്ചു.
കിയവിലെ അമേരിക്കൻ പൗരൻമാരോട് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനും യു.എസ് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ മുഴുവൻ പൗരൻമാരോടും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറാനാണ് നിർദേശം.
യു.എസ് നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. നേരത്തെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തിൽ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ അറിയിച്ചതിന് പിന്നാലെ യുറോപ്പിൽ ആശങ്ക പടർന്നിരുന്നു.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റഷ്യ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി നൽകിയതോടെയാണ് യുറോപ്പ് കനത്ത ജാഗ്രത പുലർത്തുന്നത്. ഹൈബ്രിഡ് യുദ്ധമുഖം റഷ്യ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ.