മലപ്പുറം: ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെയാണ് ലോക്സഭയിൽ പ്രതിപക്ഷ ശബ്ദം ഉയർന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഭിന്നിപ്പിക്കാനാണ് ഫാസിസം ശ്രമിക്കുക. പാലക്കാടും ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അത് പരസ്യത്തിലൂടെയും പ്രസംഗത്തിലുടെയും ആകാമെന്നും അത് ഫാസിസ്റ്റുകളെ സഹായിക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പരസ്യത്തിലൂടെയും പ്രസംഗത്തിലൂടെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും ശിക്ഷ കിട്ടും. മനപൂർവ്വം ചെയ്യുന്നവർക്ക് അവിടെ നിന്നും ഇവിടെ നിന്നും ശിക്ഷ കിട്ടും. അറിഞ്ഞുകൊണ്ടുള്ള ഇത്തരം ചെയ്തികളെ വിമർശിക്കാതിരിക്കാൻ സാധിക്കില്ല. അറിഞ്ഞുകൊണ്ടു ചെയ്ത തെറ്റിന് ഇരട്ടി ശിക്ഷ ലഭിക്കുമെന്നും പരലോകത്തു മാത്രമല്ല ഇവിടെയും ശിക്ഷ ലഭിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചത് ഭരണഘടന സംരക്ഷണത്തിന് ഗുണം ചെയ്തു. നമ്മൾ ഭിന്നിച്ചാൽ ഫാസിസ്റ്റുകൾക്ക് അത് ശക്തി പകരും. പാലക്കാടും പരീക്ഷിക്കുന്നത് ഇതാണ്. നിഷ്കളങ്കരായ വോട്ടർമാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ കരുതിയിരിക്കണമെന്നും പാലക്കാട് ഇത് വിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.