ഹൈദരാബാദ്: ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 19000ലേറെ ലിറ്റർ കുപ്പിവെള്ളം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് ഹൈദരാബാദിൽ നിന്ന് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം പിടിച്ചെടുത്തത്.
ബ്രിസ്ലെഹ്രി (Brislehri)എന്ന് രേഖപ്പെടുത്തിയ കുപ്പിവെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പികൾ (ആകെ 5400 ലിറ്റർ), അര ലിറ്റർ കുപ്പികൾ (ആകെ 6108 ലിറ്റർ) എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു. കെൽവെ (Kelvey)യുടെ 1 ലിറ്റർ കുപ്പികൾ (ആകെ 1172 ലിറ്റർ), അര ലിറ്റർ കുപ്പികൾ (ആകെ 6480 ലിറ്റർ) എന്നിവയും നേച്ചേഴ്സ് പ്യുവർ എന്ന ബ്രാൻഡിന്റെ 108 ലിറ്റർ കുപ്പിവെള്ളവും പിടിച്ചെടുത്തു. ആകെ 19,268 ലിറ്ററാണ് പിടികൂടിയതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
കുപ്പിവെള്ളത്തിന്റെ ടിഡിഎസ് (ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്സ്) നിശ്ചയിച്ചിരിക്കുന്ന 75 മില്ലിഗ്രാം / ലിറ്ററിൽ കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തി. എഫ്എസ്എസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ധാതുക്കൾ, ലവണങ്ങൾ, ലോഹങ്ങൾ, മറ്റ് ജൈവ അജൈവ വസ്തുക്കൾ എന്നിവയുൾപ്പെടെ വെള്ളത്തിൽ ലയിച്ചിരിക്കുന്ന പദാർത്ഥങ്ങളുടെ ആകെ അളവാണ് ടിഡിഎസ്. ടിഡിഎസ് നിശ്ചിത പരിധിക്കപ്പുറം ഉയർന്നാൽ അത് ഗുണനിലവാരം കുറഞ്ഞ കുടിവെള്ളമാണ്. ടിഡിഎസ് വളരെ കുറഞ്ഞാലും വെള്ളം കുടിക്കാൻ അനുയോജ്യമല്ല.
തെലങ്കാനയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ടാസ്ക് ഫോഴ്സ് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിവരികയാണ്. അതിനിടെയാണ് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം പിടികൂടിയത്.