വിവാഹ ക്ഷണക്കത്തിന്‍റെ രൂപത്തില്‍ ആ ഫയല്‍ വന്നാല്‍ ക്ലിക്ക് ചെയ്യല്ലേ- വാട്‌സ്ആപ്പില്‍ പുതിയ തന്ത്രവുമായി സൈബര്‍ സംഘം

news image
Nov 15, 2024, 11:08 am GMT+0000 payyolionline.in

 

ഷിംല: സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഓരോ ദിവസവും പുത്തന്‍ തന്ത്രങ്ങളുമായി രംഗപ്രവേശനം ചെയ്യുകയാണ്. ഒരു തട്ടിപ്പിന്‍റെ ഗുട്ടന്‍സ് ആളുകള്‍ മനസിലാക്കിയാല്‍ അടുത്ത വഴി പിടിക്കലാണ് ഇവരുടെ പണി. ഇത്തരത്തിലൊരു തട്ടിപ്പിന്‍റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാട്‌സ്ആപ്പില്‍ വിവാഹ ക്ഷണക്കത്തുകളുടെ രൂപത്തിലാണ് തട്ടിപ്പുമായി സൈബര്‍ സംഘം വലവിരിക്കുന്നത്.

വാട്‌സ്ആപ്പ് വഴി വിവാഹ ക്ഷണക്കത്തുകള്‍ അയക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് തട്ടിപ്പ് സംഘത്തിന്‍റെ നീക്കം. ഇത് തിരിച്ചറിഞ്ഞ ഹിമാചല്‍പ്രദേശ് പൊലീസ് വിവാഹ ക്ഷണക്കത്തുകളുടെ പേരിലുള്ള തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മൊബൈല്‍ ഫോണുകള്‍ക്ക് അപകടകരമായ എപികെ ഫയലുകള്‍ വെഡിംഗ് കാര്‍ഡ് എന്ന പേരില്‍ അയക്കുന്നതാണ് ഈ ന്യൂജന്‍ തട്ടിപ്പിന്‍റെ രീതിയെന്ന് വാര്‍ത്തയില്‍ വിവരിക്കുന്നു.

 

പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ് സന്ദേശം വരുന്നതെങ്കിലും വിവാഹ ക്ഷണക്കത്ത് ആണല്ലോ എന്ന് കരുതി ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ആളുകള്‍ അപകടത്തിലാകും. ഫോണില്‍ പ്രവേശിക്കുന്ന മാല്‍വെയര്‍ ഫോണിലെ വിവരങ്ങളിലേക്കെല്ലാം നുഴഞ്ഞുകയറും. ഫോണിനെ മറ്റൊരു ഡിവൈസ് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ തട്ടിപ്പ് സംഘത്തിന് ഇതുവഴിയാകും. നാം പോലുമറിയാതെ നമ്മുടെ പേരില്‍ മെസേജുകള്‍ മറ്റുള്ളവര്‍ക്ക് അയക്കാനും, പണം തട്ടാനുമെല്ലാം ഇതുവഴി തട്ടിപ്പ് സംഘത്തിന് കഴിയും.

വാട്‌സ്ആപ്പ് വഴി ഇത്തരം തട്ടിപ്പുകള്‍ വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഹിമാചല്‍പ്രദേശ് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് മെസേജുകള്‍ വരുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അറ്റാച്ച്‌മെന്‍റുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ഹിമാചല്‍ പൊലീസ് അഭ്യര്‍ഥിച്ചു. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന എപികെ ഫയലുകള്‍ ഒരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ജാഗ്രതാ നിര്‍ദേശം ഹിമാചല്‍പ്രദേശിലാണെങ്കിലും കേരളത്തിലെ വാട്‌സ്ആപ്പ് ഉപയോക്താക്കളും ശ്രദ്ധിക്കുന്നത് ഗുണകരമായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe