മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പിന്നാലെ ‘കിങ് ഖാൻ’ ഷാരൂഖ് ഖാനും ഭീഷണി കോൾ.സൽമാൻ ഖാന് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി കോൾ ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഷാരൂഖ് ഖാനും ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് വ്യാഴാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തിയ പൊലീസ് സംഘം റായ്പൂരിലെത്തി.
ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോചനദ്രവ്യമായി പണം നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൽമാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി അഞ്ച് കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നു തവണയാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്.
ഷാരൂഖ് ഖാനെതിരെയുള്ള ഭീഷണി കോൾ സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.