കൽവർട്ട് നിർമ്മാണം; വടകരയിൽ 12 മുതൽ ഗതാഗതക്രമീകരണം

news image
Nov 6, 2024, 2:47 pm GMT+0000 payyolionline.in

വടകര : ജെ.ടി. റോഡിൽ കൽവർട്ട് നിർമിക്കുന്നതിന്റെ മുന്നോടിയായി 12 മുതൽ വടകരയിൽ ഗതാഗത ക്രമീകരണമൊരുക്കുന്നു. ടൗണിലെ ഗതാഗതപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് പുതിയമാറ്റങ്ങൾ. ജെ.ടി. റോഡ് പെട്രോൾ പമ്പ് കഴിഞ്ഞ് റോഡ് അടയ്ക്കും. പെരുവട്ടുംതാഴ ഭാഗത്തുനിന്ന് വരുന്ന ചെറിയവാഹനങ്ങൾ രാകേഷ് ഹോട്ടലിനു സമീപത്തുള്ള റോഡുവഴി മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കും. മാർക്കറ്റ് റോഡും ലിങ്ക് റോഡും വൺവേ ഒഴിവാക്കി ടൂവേ സംവിധാനം ആക്കി മാറ്റും.

തിരുവള്ളൂർ റോഡിൽനിന്ന് ആശുപത്രി ഭാഗത്തക്കുപോകുന്ന ചീരാംവീട്ടിൽ റോഡിൽ വൺവേയാക്കും. മാർക്കറ്റ് റോഡിലുള്ള കയറ്റിറക്കിന് സമയക്രമീകരണം ഏർപ്പെടുത്തി. രാവിലെ ആറുമണിമുതൽ എട്ടുവരെയും ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെയും കയറ്റിറക്കുനടത്താം. നഗരസഭാ ചെയർപേഴ്സൺ വിളിച്ചുചേർത്ത യോഗത്തിൽ ഡിവൈ.എസ്.പി., പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനിയർ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ, ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥർ, വടകരയിലെ കച്ചവടപ്രതിനിധികളുടെ കൂട്ടായ്മയായ വ്യാപാര വ്യവസായ സമിതി, മർച്ചന്റ് അസോസിയേഷൻ, വിവിധ ഓട്ടോത്തൊഴിലാളി സംഘടനാ പ്രതിനിധികൾ,ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽച്ചേർന്ന യോഗത്തിലാണ് ക്രമീകരണങ്ങൾ സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe