സുരേഷ് ഗോപി നല്ല നടനാണ്, എന്നാൽ എപ്പോഴും ഈ അഭിനയം മതിയാകില്ല; ഓർമയു​ണ്ടോ മുഖം എന്ന് ജനങ്ങൾ തിരിച്ചു ചോദിക്കും -ബിനോയ് വിശ്വം

news image
Oct 31, 2024, 8:58 am GMT+0000 payyolionline.in

സുരേഷ് ഗോപിയുടെ ഡയലോഗും നാട്യവും എല്ലായ്പ്പോഴും ജനം ഉൾക്കൊള്ളണം എന്നില്ലെന്നും ഇതെല്ലാം മനസ്സിലാക്കാനുള്ള പക്വത ജനങ്ങൾക്കുണ്ടെന്നും സി.പി.ഐ സംസ്ഥാന സെ​ക്രട്ടറി ബിനോയ് വിശ്വം. സുരേഷ് ഗോപി നല്ല നടനായിരുന്നു. എന്നാൽ എപ്പോഴും ഈ അഭിനയം മതിയാകില്ല. ഈ ഡയലോഗും നാട്യവും തുടർന്നാൽ ഓർമയുണ്ടോ ഈ മുഖം എന്ന് സുരേഷ്‌ ഗോപിയോട് ജനം ചോദിക്കുമെന്നും ബിനോയ് വിശ്വം ഓർമപ്പെടുത്തി.

തൃശൂർ പൂരത്തിനിടയിൽ ആംബുലൻസ് ഉപയോഗിച്ച സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനമാണ്. ആംബുലൻസ് ദുരുപയോഗം ചെയ്തതിന്റെ ഗുണഭോക്താവ് സുരേഷ് ഗോപിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

സുരേഷ് ഗോപിക്കെതിരെ മൊഴി വന്നത് തൃശൂരിലെ ബി.ജെ.പി നേതാക്കളുടെ നാവിൽനിന്ന് തന്നെയാണ്. ബി.ജെ.പി ജില്ലാനേതൃത്വത്തിന്റെ അറിവോടെയാണ് സുരേഷ് ഗോപി പൂരനഗരിയിൽ എത്തിയത്. അത് തങ്ങളുടെ മിടുക്കാണെന്നാണ് ബി.ജെ.പി പറഞ്ഞത്. ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപിയെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

രോഗികളുടെ ചികിത്സക്ക് വേണ്ടിയും ജീവൻ രക്ഷിക്കാൻ വേണ്ടിയും മാത്രം ഉപയോഗിക്കേണ്ട ആംബുലന്‍സ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയുമാണ് ഉപയോഗിച്ചത്. ആംബുലന്‍സിൽ കൊണ്ടുപോയത് ബി.ജെ.പി സമ്മതിച്ച കാര്യമാണ്. സിനിമയുടെ അവസ്ഥയിൽ നിന്ന് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കില്‍ അതിന് സുരേഷ് ഗോപി തന്നെ മറുപടി പറയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe