ആലപ്പുഴ : പള്ളാത്തുരുത്തിയിൽ ഹൗസ് ബോട്ടിനു തീപിടിച്ചു. വിനോദ സഞ്ചാരികള്‍ കയറിയിരുന്ന ലേക്ക് ഹോം എന്ന് ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ബോട്ട് പൂർണമായി കത്തിനശിച്ചെങ്കിലും ആളപായമില്ല.
വിനോദ് മാമ്പറമ്പിൽ മുല്ലയ്ക്കൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലേക്ക് ഹോം എന്ന പേരിലുള്ള ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ ആറ് ഉത്തരേന്ത്യൻ ടൂറിസ്റ്റുകളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ബോട്ടിലും കരമാർഗ്ഗത്തിലൂടെയും ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തിച്ചേരുകയും സേനയുടെ കൈവശം ഉണ്ടായിരുന്ന ഫ്ലോട്ട് പമ്പ്, ബോട്ടിൽ ഉണ്ടായിരുന്ന പോർട്ടബിൾ പമ്പ് എന്നിവ പ്രവർത്തിപ്പിച്ചാണ് തീയണച്ചത്. നാട്ടുകാരുടേയും ഫയർഫോഴ്സിന്റേയും ഒന്നര മണിക്കൂറിന്റെ ശ്രമഫലമായാണ് തീയണക്കാൻ സാധിച്ചത്.
ബോട്ടിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതു മൂലമാണ് ബോട്ട് പൂർണ്ണമായും കത്താനിടയായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പുക പടർന്നപ്പോൾ തന്നെ ബോട്ടിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയിരുന്നു. യാത്രക്കാരുടെ ലാപ്ടോപ്പ് ഉൾപ്പടെ ഏകദേശം രണ്ടരലക്ഷം രൂപ വില വരുന്ന സാധന സാമഗ്രികൾ നഷ്ടമായിട്ടുണ്ട്. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ടിഎൻ 46 ടി 5666 നമ്പർ മഹീന്ദ്ര സൈലോയ്ക്ക് തീപിടുത്തത്തിന്റെ ചൂടുമൂലം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ബോട്ടിലുണ്ടായ നഷ്ടം ഏകദേശം 50 ലക്ഷം രൂപ വരുമെന്ന് കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ എസ് പ്രസാദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആയ ജയസിംഹൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കൃഷ്ണദാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഫൽ, രഞ്ജിത്ത്, പ്രശാന്ത്, രാജീവ് സജേഷ് ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ സുരാജ് ഹോം ഗാർഡ് ലൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.