കോഴിക്കോട്: ദേശീയപാതയോരത്ത് പന്തീരാങ്കാവിന് സമീപം കാട് മൂടിയ സ്ഥലത്ത് കണ്ടെത്തിയ വസ്തു ബോംബല്ലെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത് ഡമ്മി ബോംബാണെന്ന് വ്യക്തമായത്. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമാവുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈദ്യുതി തൂണ് സ്ഥാപിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ് ബോംബിന് സമാനമായ വസ്തു കണ്ടത്. ഡിറ്റനേറ്ററുകള്‍ കൂട്ടിക്കെട്ടിയ പോലെയായിരുന്നു ഇതുണ്ടായിരുന്നത്. ജീവനക്കാര്‍ ഉടന്‍ തന്നെ പന്തീരാങ്കാവ് പൊലീസില്‍ വിവരം കൈമാറി. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പിന്നീട് ബോംബ് സ്ക്വാഡിന്റെ സേവനം ആവശ്യപ്പെടുകയുമായിരുന്നു.
ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഡമ്മി ബോംബാണെന്ന് തെളിഞ്ഞത്. വാര്‍ത്ത പരന്നതോടെ നിരവധി ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. എന്തിന് വേണ്ടിയാണ് ഇത്തരത്തില്‍ ഡമ്മി ബോംബ് ഉണ്ടാക്കിയതെന്നും ആരാണ് ഇതിന് പിന്നിലെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.