തൃശൂർ : ഷോളയാർ ഡാമിൽ ജലനിരപ്പ് 2662.10 അടിയായതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായർ രാവിലെ 6നും വൈകിട്ട് 6നും ഇടയിൽ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 100 ക്യുമെക്സ് ജലം പൊരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ഷോളയാർ ഡാമിലെ റേഡിയൽ ഗേറ്റുകൾ തുറക്കുന്നതുമൂലം പൊരിങ്ങൾക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ചാലക്കുടിപ്പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഒരുക്കാൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.