രാഹുൽ ഗാന്ധിക്കെതിരെ പോസ്റ്റിട്ട ഒഡിയ നടനെതിരെ പൊലീസിൽ പരാതി നൽകി നാഷണൽ സ്റ്റുഡന്‍റ്സ് യൂനിയൻ

news image
Oct 19, 2024, 10:07 am GMT+0000 payyolionline.in

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള വിവാദ സോഷ്യൽ മീഡിയ പോസ്റ്റി​ന്‍റെ പേരിൽ ഒഡിയ നടൻ ബുദ്ധാദിത്യ മൊഹന്തിക്കെതിരെ നാഷണൽ സ്റ്റുഡന്‍റസ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പൊലീസിൽ പരാതി നൽകി. പോസ്റ്റി​ന്‍റെ പേരിൽ മൊഹന്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എൻ.എസ്.യു.ഐ പ്രസിഡന്‍റ് ഉദിത് പ്രധാൻ വെള്ളിയാഴ്ചയാണ് സ്റ്റേഷനിൽ പരാതി നൽകിയത്. നടൻ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

‘എൻ.സി.പി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിനു ശേഷം ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘത്തി​ന്‍റെ അടുത്ത ലക്ഷ്യം കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയായിരിക്കണമെന്ന് സമൂഹ മാധ്യമ പോസ്റ്റിൽ മൊഹന്തി പറയുകയുണ്ടായി. ഞങ്ങളുടെ നേതാവിനെതിരായ ഇത്തരമൊരു പരാമർശം സഹിക്കാൻ കഴിയുന്നതല്ലെ’ന്ന് ഉദിത് പ്രധാൻ പറഞ്ഞു. പരാതിക്കൊപ്പം പോസ്റ്റി​ന്‍റെ സ്‌ക്രീൻ ഷോട്ടും സമർപിച്ചിട്ടുണ്ട്.

പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വിമർശനമുയർന്നതിനെ തുടർന്ന് ത​ന്‍റെ പോസ്റ്റിന് നടൻ ക്ഷമാപണം നടത്തിയിരുന്നു. ‘രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള എ​ന്‍റെ അവസാന പോസ്റ്റ്. ഒരിക്കലും അദ്ദേഹത്തെ ലക്ഷ്യം വെക്കാനോ ഉപദ്രവിക്കാനോ അപമാനിക്കാനോ അദ്ദേഹത്തിനെതിരെ ഒന്നും എഴുതാനോ മനഃപൂർവ്വം ഉദ്ദേശിച്ചിട്ടില്ല. എ​ന്‍റെ ഉദ്ദേശം ഇതായിരുന്നില്ല. ആരുടെയെങ്കിലും വികാരത്തെ ബാധിച്ചുവെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നുവെന്ന്’ മൊഹന്തി വെള്ളിയാഴ്ച ഫേസ്ബുക്കിൽ കുറിച്ചു.

ഒക്‌ടോബർ 12ന് മുംബൈയിൽ വെച്ച് കോൺഗ്രസ്-എൻ.സി.പി നേതാവ് സിദ്ദീഖ് വെടിയേറ്റ് മരിച്ചിരുന്നു. അധോലോക ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയിയുടെ സംഘം കൊലയുടെ ഉത്തരവാദിത്തമേറ്റെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe