ധാക്ക: നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശിൽ ചൈനീസ് കപ്പലുകളെത്തി. ചൈനീസ് നാവിക സേനയുടെ പരിശീലന കപ്പലായ ക്വി ജിഗ്വാങ് (ഹൾ 83), ഡോക്ക് ലാൻഡിംഗ് കപ്പലായ ജിംഗാൻഷാൻ (ഹൾ 999) എന്നിവയാണ് ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് എത്തിയത്. മൂന്ന് ദിവസം ഈ കപ്പലുകൾ ചിറ്റഗോങിൽ തുടരും. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് ഒരു വിദേശ കപ്പൽ ബംഗ്ലാദേശിൽ എത്തുന്നത്.
ഇന്ത്യയോട് അനുഭാവം പുലർത്തിയിരുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതിന് ശേഷം അധികാരത്തിലേറിയ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ചൈനീസ് അനുഭാവികളാണെന്നത് ഇന്ത്യയ്ക്ക് തലവേദനയാകുന്നുണ്ട്. ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ചൈനയുടെ സൈനിക കപ്പലുകൾ നങ്കൂരമിടുന്നുണ്ട്. പാകിസ്ഥാനുമായും ചൈന മികച്ച ബന്ധമാണ് പുലർത്തുന്നത്. ഈ അവസരം ചൈന ചാരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമോയെന്നാണ് ഇന്ത്യ സംശയിക്കുന്നത്. അയൽ രാജ്യങ്ങളിൽ ചൈന സൈനിക കപ്പലുകൾ വിന്യസിക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലും സമാനമായ പ്രവർത്തനത്തിന് സാധ്യതയുണ്ടെന്നതിനാൽ സാഹചര്യങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.