തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി. ഒരു ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. ശനിയാഴ്ച രാത്രിയോടെ മന്ത്രി വീണ ജോർജാണ് കുഞ്ഞിനെ ലഭിച്ച വിവരം സമൂഹമാധ്യത്തിലൂടെ അറിയിച്ചത്.
ഈ വർഷം ഇതുവരെ 15 കുട്ടികളെയാണ് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അടുത്തിടെ അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നെന്നും ബന്ധുക്കൾ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും നൽകുമെന്നും വീണ ജോർജ് പറഞ്ഞു.
അതേസമയം, നവരാത്രി ദിനത്തിൽ ലഭിച്ച കുഞ്ഞിന് നവമി എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു.