‘പേടിയാണോ.. എന്താണ് എന്നൊന്നും അറിയില്ല’: 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

news image
Oct 9, 2024, 11:29 am GMT+0000 payyolionline.in

വയനാട്: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് നാ​ഗരാജ് പറഞ്ഞു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാ​ഗരാജ് പറഞ്ഞു.

“ഒന്നും പറയാൻ പറ്റുന്നില്ല. ആദ്യമായിട്ടാണ് സാർ.. കയ്യും കാലും വിറയ്ക്കുന്നുണ്ട്. പേടിയാണോ എന്താണ് എന്നൊന്നും അറിയില്ല. മൈസൂര്‍ ജില്ലയില്‍ ഉള്‍സഗള്ളി എന്ന ഗ്രാമത്തിലാണ് എന്‍റെ വീട്. കൂലിപ്പണിക്കായി കേരളത്തില്‍ വന്നതാണ്. ഇപ്പോള്‍ 15 വര്‍ഷമായി. ഈ വർഷത്തിൽ 10 വർഷം നിരവധി ലോട്ടറി കടകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആദ്യം ഒരു ഹോട്ടലിൽ ആയിരുന്നു ജോലി ചെയ്തത്. ശേഷം സുൽത്താൻ ബത്തേരിയിലെ ബസ് സ്റ്റാന്‍റില്‍ കാല് വയ്യാത്ത ഒരാൾക്കൊപ്പം ലോട്ടറി വിറ്റു. അഞ്ച് വർഷം ആയതേ ഉള്ളൂ സ്വന്തമായി ഷോപ്പ് തുടങ്ങിയിട്ട്. സുൽത്താൻ ബത്തേരിയിലെ എംജി റോഡിലാണ് ഷോപ്പ്. നാ​ഗരാജ് എന്ന എന്റെ പേരിലെ മൂന്ന് അക്ഷരങ്ങളാണ് കടയ്ക്കും കൊടുത്തിരിക്കുന്നത്. ജൂലൈയിൽ ഞാൻ വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. വീണ്ടും വീണ്ടും ഭാ​ഗ്യം തേടി വരികയാണ്. മലയാളികൾ മാത്രമല്ല തമിഴ്നാട്ടുകാരും ടിക്കറ്റ് എടുക്കുന്നുണ്ട്”, എന്ന് നാര​ഗാജ് പറയുന്നു.

താന്‍ വിറ്റ ടിക്കറ്റിന് സമ്മാനം അടിച്ചെന്ന് അറിഞ്ഞപ്പോള്‍ ഫാമിലി വളരെ സന്തോഷത്തിലാണെന്നും നാ​ഗരാജ് പറയുന്നു. നാ​ഗരാജും ഭാര്യയും രണ്ട് മക്കളും അനുജനും ഭാര്യയും ഒരു മോനുമാണ് കേരളത്തിലുള്ളത്. നാട്ടിൽ അച്ഛനും അമ്മയും ചേട്ടനും ഉണ്ടെന്ന് നാ​ഗരാജ് പറഞ്ഞു. അതേസമയം, സമ്മാനത്തുകയില്‍ നിന്നും 2.5 കോടി രൂപയാണ് ഏജന്‍റായി നാരഗാജിന് ലഭിക്കുക. 25 കോടിയുടെ പത്ത് ശതമാനമാണ് ഏജന്‍സി കമ്മീഷന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe