ചെറുവണ്ണൂർ പവിത്രം ജ്വല്ലറി കവർച്ചയിൽ മലയാളി പ്രതി ? : അന്വേഷണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ

news image
Oct 5, 2024, 5:32 am GMT+0000 payyolionline.in

പേരാമ്പ്ര ∙ ചെറുവണ്ണൂരിലെ പവിത്രം ജ്വല്ലറി കവർച്ചക്കേസിൽ പ്രതിയായി മലയാളി കൂടി ഉണ്ടെന്നു  വെളിപ്പെടുത്തൽ. ജൂലൈ 6നു പുലർച്ചെ 4 മണിയോടെ  3 പേരാണ് ചെറുവണ്ണൂരിൽ എത്തിയത്. ആയുധങ്ങളുമായി എത്തിയ സംഘം ജ്വല്ലറിക്കു പിറകിലെ ചുമർ കുത്തി പൊളിക്കുമ്പോൾ മലയാളിയായ വ്യക്തി ആരെയോ ഫോൺ ചെയ്യുകയായിരുന്നു എന്നു പിടിയിലായ പ്രതി മുഹമ്മദ് മിനാറുൽ ഹഖ് പറഞ്ഞു. അയാളെ കൃത്യമായി അറിയില്ല. കണ്ടാൽ അറിയാം. കേസിലെ പ്രധാന സൂത്രധാരൻ ഇസാഖ് മംഗുരയ്ക്കാണ് ഇയാളുമായി ബന്ധം എന്നാണ് കരുതുന്നത്. അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പു സമയത്താണ് പ്രതി ഇതു വെളിപ്പെടുത്തിയത്.

 

 

പ്രതിയുമായി പൊലീസ് സംഘം താമസ സ്ഥലമായ മുയിപ്പോത്ത് ടൗണിലെ കെട്ടിടത്തിലും സമീപ പ്രദേശങ്ങളിലും ചെറുവണ്ണൂർ ടൗണിലെ ജ്വല്ലറിയിലും പിറകിലെ ചുമർ കുത്തിത്തുറന്ന സ്ഥലത്തും എത്തി തെളിവെടുപ്പ് നടത്തി. സാധനം എടുത്ത ശേഷം തിരിച്ചു പോയ വഴിയും പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും 2 സ്ക്രൂ ഡ്രൈവറും പിന്നിലെ തോട്ടിൽ നിന്നു കണ്ടെടുത്തു. തിരിച്ചു പോകുന്ന വഴി ആയുധങ്ങൾ ഇവിടെ ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞതോടെ നാട്ടുകാരാണ് തോട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയത്. കേസിലെ പ്രധാന സൂത്രധാരൻ ഇസാഖ് മംഗുരയെ കണ്ടെത്തിയാൽ മാത്രമേ കേസിന്റെ പൂർണ ചിത്രം വ്യക്തമാകാനും പ്രാദേശിക കണ്ണിയെ കണ്ടെത്താനും കഴിയൂ.

പിടികിട്ടിയ പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന കളവു മുതൽ മാത്രമാണ് പൊലീസിനു ലഭിച്ചിട്ടുള്ളൂ. മുഖ്യ സൂത്രധാരനെ കിട്ടിയാൽ മാത്രമേ കൂടുതൽ സാധനങ്ങൾ ലഭിക്കൂ. വടകര മുതൽ പന്നിമുക്ക് വരെയുള്ള സിസിടിവി പരിശോധിച്ചതിൽ 2 പേരെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. നാട്ടുകാരനായ മൂന്നാമനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പേരാമ്പ്ര ഡിവൈഎസ്പി വി.വി.ലതീഷ് മേപ്പയൂർ പൊലീസ് ഇൻസ്പെക്ടർ പി.ഷിജു എന്നിവരുടെ നിർദേശ പ്രകാരം എസ്ഐമാരായ പി.വിനീത് വിജയൻ, കെ.വി.സുധീർ ബാബു, എഎസ്ഐ കെ.ലിനേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ പി.സിഞ്ചുദാസ്, കെ.ജയേഷ്, തോമസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe