ഷിരൂർ‌ ദൗത്യം; കനത്തമഴയിലും തെരച്ചിൽ തുടരുന്നു, വെല്ലുവിളിയായി നാളെയും ഉത്തരകന്നഡ ജില്ലയിൽ റെഡ് അലർട്ട്

news image
Sep 24, 2024, 10:09 am GMT+0000 payyolionline.in

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്ന‍ഡ ജില്ലയിൽ ഇന്ന് ശക്തമായ മഴയിലും തെരച്ചിൽ തുടരുകയാണ്. എന്നാൽ നാളെയും ഉത്തരകന്നഡ ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റന്നാൾ ഓറഞ്ച് അലർട്ടുമാണ്. ഈ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

അതേസമയം, അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. മഴ കനത്താൽ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്‍ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസമാണ്. ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശമായതിനാൽ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകൾക്ക് പ്രവേശനം നിയന്ത്രിച്ചേക്കും. ഒരു സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായ റിട്ട. മേജർ ഇന്ദ്രബാലൻ ഇന്ന് ഡ്രഡ്ജിംഗ് കമ്പനിക്കാർക്ക് ഐബോഡ് പരിശോധനയിൽ കണ്ടെത്തിയ പോയന്‍റുകൾ അടയാളപ്പെടുത്തി നൽകിയിട്ടുണ്ട്.

ഇന്നലെ നടത്തിയ തെരച്ചിലിൽ അർജുന്‍റെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫ്ലക്ടർ കണ്ടെത്തിയത് വഴിത്തിരിവായിരുന്നു. തെരച്ചിൽ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും മഴ കണക്കിലെടുത്ത് താൽക്കാലികമായി മാത്രം നിർത്തുകയാണെന്നും അർജുന്‍റെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർത്തി വെയ്ക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൽ പറഞ്ഞു.

നാവികസേന കൂടി എത്തിയതോടെ കൃത്യമായ ഏകോപനത്തോടെ ലോഹസാന്നിധ്യം കണ്ടെത്തിയ കോർഡിനേറ്റുകൾ കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധന നടന്നത്. രാവിലെ ആദ്യകോർഡിനേറ്റിൽ പരിശോധിച്ചപ്പോൾ മണ്ണിടിച്ചിലിൽ പുഴയിൽ വീണ ഇലക്ട്രിക് ടവറിന്‍റെ ഭാഗങ്ങൾ കിട്ടി. പിന്നീട് രണ്ടാം കോർഡിനേറ്റിൽ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ പോയന്‍റിൽ പരിശോധിച്ചപ്പോഴാണ് അർജുന്‍റെ ലോറിയിൽ ഉപയോഗിച്ചിരുന്ന കയറിന്‍റെ കെട്ടും പിന്നീട് കുറച്ച് അക്കേഷ്യ മരത്തടികളും കിട്ടിയത്. മറ്റ് ചില ലോഹഭാഗങ്ങളും ടയറും കിട്ടിയെങ്കിലും അത് അ‍ർജുന്‍റെ ലോറിയുടേതല്ല എന്ന് വ്യക്തമായി. വഴിത്തിരിവായത് പിന്നീടുള്ള തെരച്ചിലിൽ കണ്ടെത്തിയ ഒരു ലോഹഭാഗമാണ്. അർജുന്‍റെ ലോറിയുടെ പിൻഭാഗത്ത് ലൈറ്റ് റിഫ്ലക്ടറായി ഘടിപ്പിച്ചിരുന്ന ഇരുമ്പ് കമ്പിയുടെ ഭാഗം ലോറിയുടെ ആർസി ഉടമ മുബീൻ തിരിച്ചറിഞ്ഞു. നടപടികളിൽ തൃപ്തിയെന്ന് ഡ്രഡ്‍ജറിൽ പോയി തെരച്ചിൽ നേരിട്ട് കണ്ട അഞ്ജുവും ഭർത്താവ് ജിതിനും ലോറി ഉടമയും പ്രതികരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe