തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിൽ ആറ് മണിക്കൂറോളം നീണ്ട എസ്.എഫ്.ഐയുടെ സമരത്തെത്തുടർന്ന് കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ തിരുത്ത്. ഈ മാസം 28ന് വിജ്ഞാപനമിറക്കി ഒക്ടോബർ 10ന് യൂനിയൻ തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായി. ഒക്ടോബർ മൂന്നിന് വിജ്ഞാപനമിറക്കി 15 ദിവസത്തിനു ശേഷം തെരഞ്ഞെടുപ്പ് നടത്താനുള്ള മുൻ തീരുമാനത്തിലാണ് മാറ്റം വരുത്തിയത്. ഒക്ടോബർ മൂന്നിനുള്ളിൽ കോളജുകളിൽ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും വോട്ടവകാശം ഉറപ്പുവരുത്താനും തീരുമാനമായി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ തുടങ്ങിയ സമരം ശക്തിപ്രാപിക്കുകയും പ്രതിഷേധം ഭരണകാര്യാലയ കവാടം കടന്ന് വി.സിയുടെ ഓഫിസിന് മുന്നിൽ എത്തുകയും ചെയ്തതിനൊടുവിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മാറ്റാൻ വി.സി നിർബന്ധിതനായത്.
തുടക്കത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച അദ്ദേഹം ഭരണകാര്യാലയത്തിന് അകത്തും പുറത്തുമുള്ള സമരത്തെ തുടർന്ന് വഴങ്ങുകയായിരുന്നു. എന്നാൽ, ഒക്ടോബർ മൂന്നിനുള്ളിൽ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും വോട്ടവകാശം ഉറപ്പാക്കണമെന്ന നിലപാടിൽ വി.സി ഉറച്ചു നിന്നു. ഒടുവിൽ രജിസ്ട്രാറുമായി കൂടിയാലോചിച്ച് തിരുത്തലിന് തീരുമാനിക്കുകയായിരുന്നു. വി.സിക്കെതിരെ രൂക്ഷമായ ഭാഷയിൽ മുദ്രാവാക്യം വിളിച്ചും സംഘർഷാവസ്ഥ സൃഷ്ടിച്ചുമായിരുന്നു എസ്.എഫ്.ഐ സമ്മർദം. എന്നാൽ, പൊലീസ് അറസ്റ്റിന് മുതിർന്നില്ല. തേഞ്ഞിപ്പലം സി.ഐക്കെതിരായ കടന്നാക്രമണത്തിലൂടെ പൊലീസിന്റെ മനോവീര്യം ദുർബലപ്പെടുത്താനും നേതാക്കൾക്കായി.
ഒടുവിൽ വൈകീട്ട് 3. 30ഓടെയാണ് സമരത്തിന് അയവ് വന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. ആർഷോ തീരുമാനം അറിയിച്ചതോടെയാണ് പ്രവർത്തകർ പിരിഞ്ഞത്.
പി.എം. ആർഷോ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ. അഫ്സൽ, ഹസ്സൻ മുബാറക്ക്, കെ.വി അനുരാഗ്, ജാൻവി കെ. സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.