ബെംഗളൂരുവിൽ ഫ്ലാറ്റിൽ കുട്ടികൾ തീർത്ത ഓണപൂക്കളം ചവിട്ടി നശിപ്പിച്ചത് മലയാളി യുവതി, കേസെടുത്ത് പൊലീസ്

news image
Sep 24, 2024, 3:21 am GMT+0000 payyolionline.in

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ മലയാളിയായ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ്  പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്. സംപിഗെഹള്ളി പൊലീസ് ആണ് പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ നടപടിയെടുത്തത്.

അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ  തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഫ്ലാറ്റിലെ കോമൺ ഏരിയയിൽ കുട്ടികൾ തീർത്ത പൂക്കളം സിമി നായർ ചവിട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.  താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം നടന്നത്. ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടത് ചോദ്യം ചെയ്ത് യുവതി തർക്കിക്കുന്നതും  ശേഷം പൂക്കളത്തിൽ കയറി നിൽക്കുകയുമായിരുന്നു. പിന്നീട് തർക്കത്തിനിടെ പൂക്കളം നശിപ്പിച്ചു.

ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നായിരുന്നു യുവതിയുടെ വാദം.  പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകുന്നതും കാണാം. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അം​ഗീകരിക്കുന്നില്ല. പൂക്കളം നശിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവതിക്കെതിരെ വ്യാപകമായ വിമർശനം ഉയരുന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe