തിരുവനന്തപുരം: തിങ്കളാഴ്ച 91ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധുവിന് പിറന്നാൾ സമ്മാനമായി മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്ന് ഒരുക്കിയത് ഒരു വെബ്സൈറ്റ്. ചലച്ചിത്രരംഗത്തെ വിവിധ മേഖലകളിൽ മധു നൽകിയ സംഭാവനകൾ വിവരിക്കുന്ന www.madhutheactor.com എന്ന വെബ്സൈറ്റ് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച വൈകീട്ടോടെയാണ് മമ്മൂട്ടി സോഷ്യൽ മീഡിയ പേജിലൂടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. അവാർഡുകൾ, അഭിമുഖങ്ങൾ, അഭിനയിച്ച സിനിമകളിലെ പോസ്റ്ററുകൾ, ഹിറ്റ് ഗാനങ്ങൾ തുടങ്ങിയവയെല്ലാം വെബ്സൈറ്റിലുണ്ട്. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ശ്രീകുമാരൻ തമ്പി, എം.ടി. വാസുദേവൻ നായർ, ഷീല, ശാരദ, സീമ സത്യൻ അന്തിക്കാട് ഉൾെപ്പടെയുള്ളവർ മധുവിനെക്കുറിച്ച് എഴുതിയ ലേഖനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവനത്തിൽ താമസിക്കുന്ന മധുവിന് ജന്മദിനത്തിൽ പ്രത്യേക ആഘോഷ പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. ആറു പതിറ്റാണ്ടായി പ്രേക്ഷകരുടെ പ്രിയതാരമായി തുടരുമ്പോഴും തനിക്ക് പാകമായ വേഷങ്ങളെത്തിയാൽ ഇപ്പോഴും ഒരു കൈ നോക്കാമെന്ന അഭിപ്രായമാണ് മധുവിന്.