ചണ്ഡീഗഡ്: ഭഗവന്ത് മാന്‍റെ നേതൃത്വത്തിലുള്ള പഞ്ചാബിലെ ആം ആദ്മി പാർട്ടി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. നിലവിലെ മന്ത്രിസഭയിലെ നാലു പേരെ ഒഴിവാക്കുകയും അഞ്ച് പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. വൈകിട്ട് അഞ്ചിന് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും.
ഹർദീപ് സിങ് മുണ്ടിയൻ, തരുൺപ്രീത് എസ്. സോന്ദ്, രവ്ജോത്, ബരീന്ദർ ഗോയൽ, മൊഹീന്ദർ ഭഗത് എന്നിവരാണ് മന്ത്രിസഭയിലെ അഞ്ച് പുതുമുഖങ്ങൾ. ബൽകൗർ സിങ്, ചേതൻ സിങ് ജൗരമജ്ര, ബ്രഹ്മ് ശങ്കർ ജിംബ, അൻമോൽ ഗഗൻ മാൻ എന്നിവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കും.
ഭഗവന്ത് മൻ മന്ത്രിസഭയിൽ 15 അംഗങ്ങളാണുള്ളത്. പരമാവധി 18 പേരെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കൂ.
2022ൽ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. 117 അംഗ നിയമസഭയിൽ 92 സീറ്റുകൾ എ.എ.പി നേടി. കോൺഗ്രസ്-15, ശിരോമണി അകാലിദൾ-3, ബി.ജെ.പി-2, ബി.എസ്.പി-1, സ്വതന്തർ-1 എന്നിങ്ങനെയാണ് മറ്റ് സീറ്റുനില. മൂന്നു സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.