പെരുമ്പാവൂരിൽ ആശുപത്രിയിൽ നിന്നും പിടികൂടിയ പ്രതിയുടെ ദേഹ പരിശോധനയിൽ കണ്ടത് അടിവസ്ത്രത്തിൽ കഞ്ചാവ്

news image
Sep 18, 2024, 4:24 pm GMT+0000 payyolionline.in

കൊച്ചി: കഞ്ചാവ് വിൽപ്പനക്കാരായ രണ്ടുപേർ പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായി. ഇവരിൽ നിന്ന് ആറേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു. തടിയിട്ടപ്പറമ്പ് പൊലീസും പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സ്വകാര്യ ആശുപത്രിയിലെ അതിക്രമത്തെ പറ്റിയുള്ള അന്വേഷണമാണ് കഞ്ചാവ് വേട്ടയിലെത്തിയത്.

കഴിഞ്ഞ ദിവസം പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അതിക്രമം. ഒന്നാം പ്രതി കിഴക്കമ്പലം കാരുകുളം കൊല്ലംകുടി വീട്ടിൽ എൽദോസിനെ തടിയിട്ടപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചുള്ള ദേഹപരിശോധനക്കിടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച 72 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിന്നീട് വിശദമായി ചോദ്യം ചെയ്തു. അങ്ങനെയാണ് തെക്കേ ഏഴിപ്പുറത്ത് കൽവെർട്ടിന് അടിയിൽ ഒളിപ്പിച്ച കഞ്ചാവിലേക്ക് എത്തിയത്. ആറേകാൽ കിലോ കഞ്ചാവ് വിൽപനക്ക് പറ്റുംവിധം ചെറുപൊതികളിലാക്കി സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.

പണം നൽകിക്കഴിഞ്ഞ ഇടപാടുകാരോട് തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ച് വെച്ചിരിക്കുന്ന കഞ്ചാവ് പോയി എടുക്കാൻ പറയുന്നതായിരുന്നു വിൽപന രീതി. എൽദോസിന് കഞ്ചാവ് വിൽപനക്ക് എത്തിച്ച് നൽകുന്ന ഒഡിഷ സ്വദേശി മൃത്യുഞ്ജയ് ഡിഗലിനേടും പിന്നാലെ അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ ഒരു മാസത്തിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ പണമിടപാട് നടത്തിയതിന്റെ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. കൂടുതൽ പേർക്ക് ഇതിലെല്ലാം പങ്കാളിത്തമുണ്ടോ എന്നത് പരിശോധിക്കുമെന്നും തടിയിട്ടപ്പറമ്പ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe