‘മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാനും തയ്യാർ’: പ്രതിഷേധം തുടരുന്ന ഡോക്ടർമാരോട് മമത ബാനർജി

news image
Sep 12, 2024, 3:25 pm GMT+0000 payyolionline.in

കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് രാജി വയ്ക്കാൻ തയ്യാറെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. സമരം ഒത്തുതീർപ്പാക്കാനായി ഡോക്ടർമാരെ നിരന്തരം ചർച്ചയ്ക്ക് വിളിച്ചിട്ടും അവർ ചർച്ചക്ക് എത്താത്തതിനെ തുടർന്നാണ് മമത, രാജിക്കും തയ്യാറെന്ന പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ന് ഉച്ചക്ക് ഡോക്ടർമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചിരുന്നു.

രണ്ട് മണിക്കൂറിലേറെ മുഖ്യമന്ത്രി കാത്തിരിന്നിട്ടും ഡോക്ടർമാർ ചർച്ചക്ക് എത്തിയില്ല. പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്. ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് രാജിക്ക് തയ്യാറാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.അതേസമയം പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായി ബലാൽസം​ഗ കേസ് പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേ​​ദ​ഗതി നേരത്തെ ബം​ഗാൾ സർക്കാർ പാസാക്കിയിരുന്നു. ‘അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024′ സെപ്തംബർ 3 ന് നിയമസഭയിൽ അവതരിപ്പിച്ച് മമത സർക്കാർ പാസാക്കിയെടുത്തിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ്’അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024’ പാസാക്കിയത്. ബലാത്സംഗ കേസ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ബിൽ പാസാക്കി ​ഗവർണർക്ക് അയച്ചു നൽകിയിട്ടുണ്ട്. ​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നടക്കം മമത നേരത്തെ പ്രഖ്യാപിച്ചിരിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe