വനത്തിൽ നിന്ന് 73 മരങ്ങൾ വെട്ടി മാറ്റിയതിൽ വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി; രണ്ടു പേർക്ക് സസ്പെന്‍ഷൻ

news image
Sep 7, 2024, 5:31 pm GMT+0000 payyolionline.in

കല്‍പ്പറ്റ: വയനാട് തലപ്പുഴയിലെ റിസര്‍വ് വനത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് രണ്ടു വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു. എസ്എഫ്ഒ പി വി ശ്രീധരൻ, സി ജെ റോബർട്ട് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.  തലപ്പുഴ ഡെപ്യൂട്ടി  റെയിഞ്ച് ഓഫീസറുടെ പേരിൽ അച്ചടക്ക നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വനംവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തുടർ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

അനുമതി വാങ്ങാതെ 73 മരങ്ങൾ വെട്ടിയ തലപ്പുഴ മരംമുറിയിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ ഡി എഫ് ഒ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് കൺസർവേറ്റർ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിലാണ് മൂന്ന് വനം വകുപ്പ്  ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നത്. അനുമതി വാങ്ങാതെ 73 മരങ്ങൾ വെട്ടിയതിലാണ് നടപടി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്പെന്‍ഷൻ ഉത്തരവിറക്കിയത്.

സോളാർ ഫെൻസിങ് സ്ഥാപിക്കാനെന്ന മറവില്‍ തലപ്പുഴ വനത്തിനുള്ളിലെ മരങ്ങള്‍ കൂട്ടമായി വെട്ടിവെളുപ്പിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. സംഭവം രാഷ്ട്രീയമായി കൂടി മാറിയതോടെ വനം മന്ത്രി വിഷയത്തില്‍ ഇടപെട്ടിട്ടിരുന്നു. ചീഫ് വിജിലൻസ് ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാൻ വനം മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെയാണ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് നോർത്ത് വയനാട് ഡിഎഫ്ഒ ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിന് പുറമെ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗത്തിന്‍റെയും അന്വേഷണം നടക്കുന്നുണ്ട്. മുറിച്ച മരങ്ങള്‍ മുഴുവനായും തലപ്പുഴയിലെ വനം വകുപ്പ് ഓഫിസിലുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe