സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ചു; ഓണം അഡ്വാൻസ് 20,000 രൂപ

news image
Sep 6, 2024, 11:59 am GMT+0000 payyolionline.in

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു.    പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ  അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ,- സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും.

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ്‌ സർക്കാർ തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe