പോലീസ് അസോസിയേഷൻ 34 -ാം സംസ്ഥാന സമ്മേളനത്തിന് ഇരിങ്ങൽ സർഗാലയിൽ തുടക്കം

news image
Aug 22, 2024, 1:56 pm GMT+0000 payyolionline.in

വടകര: വയനാട് പ്രകൃതിദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും അനന്യമായ മാതൃകകളായി എന്നും ലോകം പരിഗണിയ്ക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. വടകരയ്ക്കടുത്ത് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്നേഹവും കാരുണ്യവും ചുരത്തിയ നിറമാറുമായ്, അമ്മ നഷ്ടപ്പെട്ട ഏതെങ്കിലും കുഞ്ഞുങ്ങളുണ്ടെങ്കില്‍ മുലപ്പാല്‍ നല്കാന്‍ തയ്യാറാണെന്ന് പറഞ്ഞ അമ്മമാരാണ് കേരള പുനരധിവാസത്തിന്‍റെ അടിസ്ഥാന മാതൃകയെന്നും മന്ത്രി പറഞ്ഞു.

ചൂരല്‍മലയില്‍ ആദ്യം എത്തിയ സര്‍ക്കാര്‍ വിഭാഗം പോലീസായിരുന്നെന്നും ഒഴുകിപ്പോയ പാലത്തിന് പകരം സംവിധാനം സൈന്യം ഒരുക്കും മുമ്പ് ഉള്ള സാധ്യതകള്‍ ഉപയോഗിച്ച് പോലീസ് സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും ഒരുപാട് ജീവനുകള്‍ അതുവഴി രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പ് പുനരധിവാസത്തിന്‍റെ ഏറ്റവും നല്ല മാതൃകയാവുമെന്നും മന്ത്രി പറഞ്ഞു.
പോലീസിലെ ജോലിഭാരമുള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളിലും ന്യായമായ പരിഹാരം സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം ഉറപ്പ് നല്കി. കെ.പി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് ആര്‍.പ്രശാന്ത് അധ്യക്ഷനായി. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി., എം.ആര്‍.അജിത്കുമാര്‍,പ യ്യോളി നഗരസഭാ ചെയര്‍മാന്‍ വി.കെ.അബ്ദുറഹ്മാന്‍, പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എസ്.ആര്‍.ഷിനോദാസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു പ്രവര്‍ത്തന റിപ്പോര്‍ടും ട്രഷറര്‍ കെ.എസ്.ഔസേഫ് വരവ് ചെലവ് കണക്കും ജോയിന്‍ സെക്രട്ടറി പി.പി.മഹേഷ് നയരേഖയും വൈസ് പ്രസിഡണ്ടുമാരായ വി.ഷാജി പ്രമേയങ്ങളും കെ.ആര്‍. ഷെമിമോള്‍ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് പ്രേംജി.കെ.നായര്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ട് എം.ആര്‍.ബിജു നന്ദിയും പറഞ്ഞു. നാളെ റിപ്പോര്‍ടിന്‍ മേല്‍ ചര്‍ച്ച നടക്കും. ശനിയാഴ്ച കാലത്ത് പത്ത് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe