സംസ്ഥാനത്തെ ഡോക്ടർമാർ നാളെ രാവിലെ മുതൽ 24 മണിക്കൂർ പണിമുടക്കും; മെഡിക്കൽ കോളേജ് ഒ.പികളും പ്രവർത്തിക്കില്ല

news image
Aug 16, 2024, 7:43 am GMT+0000 payyolionline.in

തിരുവനന്തപുരം: കൊൽക്കത്തയിലെ ആർ. ജി കർ മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്.  സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടര്‍മാര് ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഒ.പി സേവനം ഉണ്ടാകില്ല. അത്യാഹിത വിഭാഗങ്ങൾ പ്രവര്‍ത്തിക്കും. ഇന്ത്യൻ മെഡിക്കൽ  അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ  മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അവശ്യ സർവ്വീസുകൾ ഒഴികെ ഒ.പി ഉൾപ്പെടെയുള്ള മറ്റ് ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കുമെന്നും, ഈ സാഹചര്യത്തിൽ  പൊതുജനങ്ങൾ സഹകരിക്കണമെന്നും   കെജിഎംസിടിഎ അഭ്യർത്ഥിച്ചു. അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തുമെന്നും അത്യാഹിക വിഭാഗങ്ങൾ സാധാരണ പോലെ പ്രവ‍ർത്തിക്കുമെന്നും ഐഎംഎ ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. അതേസമയം വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe