തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ്. ജൂലൈ 13ന് ഉച്ചക്ക് 12 മണിക്കാണ് രോഗി ലിഫ്റ്റിൽ കുടുങ്ങിയത്. സമയവും തീയതിയും രേഖപ്പെടുത്താതെയാണ് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചതെന്നും ഇത് ശരിയല്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.
രവീന്ദ്രൻ നായർ എന്ന രോഗിയെ ലിഫ്റ്റിൽ നിന്നും ഇറക്കിയ സമയവും തീയതിയും വ്യക്തമാക്കി ഒരു തുടർ റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കണമെന്നും കമ്മിഷൻ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. രവീന്ദ്രൻ നായരെ രക്ഷപ്പെടുത്തിയെന്ന് പറയുന്ന ജൂലൈ 15ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചിട്ടുണ്ടോ എന്നും അന്ന് ലിഫ്റ്റ് ഓപ്പറേറ്റർമാരുടെ സേവനം ലഭ്യമായിരുന്നോ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജൂലൈ 13ന് അസ്ഥിരോഗ വിഭാഗത്തിലെത്തിയ രവീന്ദ്രൻ നായർ (59) പരിശോധനാ ഫലം ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തിയപ്പോഴാണ് ലിഫ്റ്റിൽ കുടുങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലടി മുകളിലേക്ക് ഉയർന്ന ശേഷം ലിഫ്റ്റ് നിന്നു. അലാം അടിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ലിഫ്റ്റിന്റെ വാതിലുകൾക്കിടയിലൂടെയുള്ള ഭാഗത്തുനിന്ന് വെളിച്ചവും ഓക്സിജനും കിട്ടിയതുകൊണ്ട് മാത്രമാണ് രോഗി അബോധാവസ്ഥയിലാകാതിരുന്നത്. എങ്കിലും രോഗിക്ക് പകലും രാത്രിയും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം വന്നു ചേർന്നുവെന്നും പ്രാഥമികാവശ്യങ്ങൾ പോലും ലിഫ്റ്റിൽത്തന്നെ നടത്തേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.