ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാവാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍. പ്രമുഖ വ്യവസായിയായ സി പി സാലിയുടെ സി പി ട്രസ്റ്റുമായി ചേര്‍ന്നാണ് കെയര്‍ ആന്‍ഡ് ഷെയര്‍ വയനാട്ടില്‍ സഹായമെത്തിക്കുക.
ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷാ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറിന്‍റെയും സിപി ട്രസ്റ്റിന്‍റെയും പ്രവര്‍ത്തകര്‍ പുറപ്പെടുന്നത്.
അതേസമയം വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ, മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും അവലോകന യോഗം വിലയിരുത്തി. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. തെരച്ചിലിന് അതീവ ദുഷ്കരമാക്കി ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ് ദുരന്ത ബാധിത പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ് ഉള്ളത്. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായ കാലവസ്ഥയും വിലങ്ങുതടിയാവുകയാണ്.