ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ നിർത്തുന്നതായി ജില്ലാ കളക്ടര്‍. 9 മണിക്ക് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചിൽ അൽപസമയം കൂടി തുടർന്നിരുന്നു. എന്നാൽ മേഖലയിൽ ഇപ്പോൾ മഴ അതിശക്തമായി പെയ്യുകയാണ്. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് ഇപ്പോൾ തെരച്ചിൽ നിർത്തുന്നതെന്നും കളക്ടര്‍ അറിയിച്ചു.
നാളെ അതിരാവിലെ മുതൽ തെരച്ചിൽ തുടരും. പുലർച്ചെ അഞ്ചരയ്ക്ക് തെരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ റഡാർ ഉപയോഗിച്ചായിരിക്കും തെരച്ചിൽ നടത്തുക. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് കൊണ്ടുവരിക. രാവിലെത്തന്നെ റഡാർ ഡിവൈസ് എത്തിക്കാൻ ആണ് ശ്രമം. ഈ റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാളെ നാവികസേന, എസ്ഡിആർഎഫ്, എൻഡിആർഎഫ്, പൊലീസ്, അഗ്നിശമനസേന ഇത്രയും സംഘങ്ങൾ ചേർന്നാണ് രക്ഷാദൗത്യം തുടരുക.
കഴിഞ്ഞ നാലു ദിവസങ്ങളിലായി അര്ജുന് ലോറിയുള്‍പ്പെടെ മണ്ണിനടിയിലാണുള്ളത്. കനത്ത മഴയാണ് ഇവിടെ. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.