ബംഗളൂരു: കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി പുഴയിൽ വീണിട്ടില്ലെന്ന് സ്ഥിരീകരണം. ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ലോറിയുടെ പുതിയ ലൊക്കേഷൻ കണ്ടെത്തിയതായും പുതിയ സിഗ്നൽ ലഭിച്ചതായുമാണ് വിവരം. നേവി സംഘം പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് ലോറി പുഴയിൽ വീണിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. തുടർച്ചയായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മോശം കാലാവസ്ഥയെത്തുടർന്ന് രാവിലെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.
സ്കൂബ വിദഗ്ധരും നേവി സംഘവും തിരച്ചിലിനായി എത്തിയിട്ടുണ്ട്. ലോറി നിലവിലുള്ള സ്ഥലത്ത് കുഴിയെടുത്ത് പരിശോധന ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മെറ്റൽ ഡിറ്റക്ടടർ അടക്കമുള്ളവ ഉപയോഗിച്ചാണ് തെരച്ചിൽ.
കോഴിക്കോട് സ്വദേശിയാണ് കാണാതായ അർജുൻ. അങ്കോളയിലെ ഷിരൂർ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാവിലെയോടെ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ലോറി ഡ്രൈവർമാർ പതിവായി വിശ്രമിച്ചിരുന്ന സ്ഥലമാണിത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ഒരു ചായക്കടയും ഉണ്ടായിരുന്നു.
എന്നാൽ അപകടം നടന്ന് മൂന്ന് ദിവസമായിട്ടും രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ആരോപണം. റോഡിലെ മണ്ണ് മാത്രമാണ് നീക്കുന്നത്. ദേശീയപാതയിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് നടത്തുന്നതെന്ന് ജനങ്ങൾ ആരോപിച്ചു.